സന്ദേശ്ഖാലി വിഷയത്തില്‍ ബിജെപിക്കെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

സന്ദേശ്ഖാലി വിഷയത്തില്‍ ബിജെപിക്കെതിരെ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന പുറത്തുവന്ന ഒളിക്യമറ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരാതി. സുവേന്ദു അധികാരി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് പരാതി. വിഷയത്തി സന്ദേശ്ഖാലിയിലെ ത്രിമോഹിനിയില്‍ ടിഎംസി കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.

സന്ദേശ്ഖാലി വിഷയത്തിലെ ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് ഗംഗാധര്‍ കയാല്‍ വെളിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പരാതി. ഒരു സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഗംഗാധറില്‍ നിന്ന് ഈ വിവരങ്ങള്‍ അറിഞ്ഞതെന്നും വ്യാജ ലൈംഗിക പീഡന പരാതികള്‍ സുവേന്ദു അധികാരിയുടെ നിര്‍ദേശ പ്രകാരമാണ് ഫയല്‍ ചെയ്തതെന്ന് ഗംഗാധര്‍ ഈ വിഡിയോയില്‍ വ്യക്തമായി പറയുന്നുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു.

എന്നാല്‍ സ്റ്റിങ് ഓപ്പറേഷന്‍ വിഡിയോ വ്യാജമാണെന്നാണ് ബിജെപി പറയുന്നത്. ഫെബ്രുവരി ആദ്യവാരത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ സന്ദേശ്ഖാലിയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിക്കുന്നത്. ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവുമാണ് പ്രധാന ആരോപണങ്ങള്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജഹാന്‍ ഷെയ്ഖും കൂട്ടാളികളും ഭൂമി തട്ടിയെടുക്കുകയും പ്രദേശത്തുള്ള സ്ത്രീകളെ പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നായിരുന്നു ആരോപണം. നിരവധി കൃഷി ഭൂമികള്‍ ഇവര്‍ തട്ടിയെടുത്തുവെന്ന് ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*