
ചോദ്യത്തിന് കോഴ ആരോപണം ഉയര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. ആരോപണം അന്വേഷിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍, ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പിന് പിന്നാലെയാണ് നടപടി. മഹുവ മൊയ്ത്രയെ പാര്‍ലമെന്റില്‍ നിന്നു പുറത്താക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷന്‍ ബിജെപിയുടെ വിനോദ് കുമാര്‍ സോങ്കറാണ് റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചത്.
തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തിയ ശേഷം വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. തുടര്‍ന്ന് രണ്ടുമണിവരെ ലോക്‌സഭ നിര്‍ത്തിവച്ചു. രണ്ട് മണിക്ക് വീണ്ടും സഭ ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി, വോട്ടെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം, സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇപ്പോള്‍ നടക്കുന്നത് മഹാഭാരത യുദ്ധമാണെന്നും ഇനി മഹാഭാരത യുദ്ധം കാണാമെന്നുമായിരുന്നു പാര്‍ലമെന്റിലേക്ക് പോകുന്നതിന് മുന്‍പ് മഹുവ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വിഷയത്തില്‍ അംഗങ്ങളെല്ലാം സഭയില്‍ ഹാജരാകണമെന്ന് ബിജെപി വിപ്പ് നല്‍കിയിരുന്നു. അതേസമയം, മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടിയെ എതിര്‍ത്ത് ‘ഇന്ത്യ’ മുന്നണി രംഗത്തെത്തി. മഹുവ മൊയ്ത്രയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതിന് മുമ്പ് സമിതിയുടെ ശുപാര്‍ശകള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.
Be the first to comment