തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: കെ ബാബുവിന് തിരിച്ചടി, ഹര്‍ജി നിലനില്‍ക്കും; സ്റ്റേ ഇല്ല

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നടപടികൾ തുടരാമെന്ന് സുപ്രീം കോടതി. കെ ബാബുവിന്‌ എതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണെന്ന് കെ ബാബു ആവശ്യപ്പെട്ടെങ്കിലും അക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേ സമയം ഹൈക്കോടതിയിലെ നടപടി ക്രമങ്ങള്‍ തുടരാമെന്ന് കോടതി അറിയിച്ചു. സ്റ്റേ ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് കേസ് വാദം കേള്‍ക്കുന്നതിന് തടസമുണ്ടാകില്ല.

അതെസമയം  കെ. ബാബുവിന്‍റെ ഹര്‍ജിയില്‍ സുപ്രീം കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ അനിരുദ്ധാബോസ്, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കേസുകളുമായി ബന്ധപ്പെട്ട ഹർജികൾ കാലതാമസം കൊണ്ട് അസാധുവാകുന്ന  സാഹചര്യമുണ്ടെന്ന് എം സ്വരാജിനായി ഹാജരായ അഭിഭാഷകൻ പി.വി ദിനേഷ് വാദിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്സ് സ്ലിപ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉപയോഗിച്ചുവെന്നാണ് എം സ്വരാജിന്റെ ആക്ഷേപം. ഇത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് എം സ്വരാജ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെ ബാബു സുപ്രിംകോടതിയെ സമീപിച്ചത്. അഭിഭാഷകൻ റോമി ചാക്കോ ആണ് കെ ബാബുവിനായി സുപ്രീം കോടതിയിൽ ഹാജരായത്.

Be the first to comment

Leave a Reply

Your email address will not be published.


*