തൃശ്ശൂർ: പൂരങ്ങളുടെ പൂരത്തിന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾക്ക് ഇത്തവണ വെടിക്കെട്ട് നടത്താനുള്ള ചുമതല ഒരേ ലൈസൻസിക്ക്. മുണ്ടത്തിക്കോട് സ്വദേശി സതീഷാണ് ഇത്തവണ ഇരുവിഭാഗത്തിനുമുള്ള വെടിക്കെട്ട് ഒരുക്കുന്നത്. ഇരു വിഭാഗത്തിനുമായി കരാറിൽ സതീഷ് ഒപ്പ് വെച്ചു.
വെടിക്കെട്ടിന് ഇരു വിഭാഗങ്ങൾക്കും ഒരു ലൈസൻസിയെന്ന പുതുമയിലൂടെ പൂര ചരിത്രത്തിൽ മറ്റൊന്നു കൂടി ചേർക്കുകയാണ്. കഴിഞ്ഞ തവണ തിരുവമ്പാടി ദേവസ്വത്തിന്‍റെ ലൈസൻസിയായിരുന്നു സതീഷ്. വെടിക്കെട്ട് കരാറുകാർക്ക് നിയമക്കുരുക്കുകളായതോടെ ലൈസൻസ് ലഭിക്കാൻ പ്രയാസമായതാണ് ഇരുവർക്കും കൂടി ഒരാളെ ലൈസൻസിയാക്കാനുള്ള ദേവസ്വങ്ങളുടെ തീരുമാനം. എട്ട് ഘടക ക്ഷേത്രങ്ങൾ അടക്കം പത്ത് ക്ഷേത്രങ്ങൾ പങ്കാളിയാവുന്ന തൃശൂർ പൂരത്തിലെ മുഖ്യ പങ്കാളി ക്ഷേത്രങ്ങളായ തിരുവമ്പാടിയും പാറമേക്കാവിനുമാണ് വെടിക്കെട്ട് നടത്താനുള്ള അധികാരമുള്ളത്.
നഗരത്തിന് നടുവിൽ വടക്കുനാഥ ക്ഷേത്ര മൈതാനത്താണ് വെടിക്കെട്ട് നടത്തുന്നതതെന്നതും രാജ്യത്ത് സ്ഥിരമായ മാഗസീൻ (വെടിമരുന്ന് സംഭരണകേന്ദ്രം) ഉള്ളതും, സുരക്ഷാ സംവിധാനമായ ഫയർ ഹൈഡ്രന്‍റ്സൗകര്യമുള്ളതും തൃശ്ശൂരിൽ മാത്രമാണ്. രണ്ടായിരം കിലോഗ്രാം വീതമായി ഇരു വിഭാഗങ്ങൾക്കുമായി 4000 കിലോഗ്രാം വെടിമരുന്നാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. ഇത്രയും വെടിമരുന്ന് ഉപയോഗിക്കുന്നതിന് അനുമതി നൽകുന്നത് തൃശ്ശൂർ പൂരത്തിന് മാത്രമാണ്. വെടിക്കെട്ടിന് പ്രാധാന്യമുള്ള ഉത്രാളിക്കാവും നെന്മാറ-വല്ലങ്ങിയിലുമടക്കം 100 കിലോഗ്രാമിലും താഴെയാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്.
സൗഹൃദ മത്സരാടിസ്ഥാനത്തിൽ നടക്കുന്നതാണ് തൃശ്ശൂർ പൂരം വെടിക്കെട്ട്. ഇരുവിഭാഗവും രഹസ്യമായി എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നത് പൊട്ടിക്കഴിയുമ്പോൾ മാത്രമേ പൂരപ്രേമികൾ അറിയാറുള്ളൂ. ദേവസ്വങ്ങളുടെ വെടിക്കെട്ട് ചുമതലയുള്ള കമ്മിറ്റിക്കാർക്ക് പോലും ഇക്കാര്യം രഹസ്യമായിരിക്കും. 17നാണ് പൂരം സാമ്പിൾ വെടിക്കെട്ട്. പ്രധാന വെടിക്കെട്ട് 20ന് പുലർച്ചെ നടക്കും. ഉപചാരം ചൊല്ലിയതിന് ശേഷം ഉച്ചയ്ക്കും വെടിക്കെട്ട് ഉണ്ടാകും.
Be the first to comment