ഒടുവിൽ ആ പ്രഖ്യാപനവും വന്നു, അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം അധിക നികുതി ചുമത്തി ട്രംപ്

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏപ്രിൽ മൂന്ന് മുതൽ നികുതി ഈടാക്കുമെന്നും ട്രംപ് ഭരണകൂടം അറിയിച്ചു.

അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം. 2.5 ശതമാനത്തിൽ നിന്നാണ് നികുതി 25 ശതമാനമാക്കി ഉയർത്തിയത്. ഇതിലൂടെ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂടുമെന്ന് ട്രംപ് പ്രതീക്ഷിക്കുന്നു. എന്നാൽ വിദേശ കമ്പനികൾ അമേരിക്കയിൽ തന്നെ കാർ നിർമിക്കാൻ തയ്യാറായാൽ ഈ നികുതി ഭാരത്തിൽ നിന്ന് രക്ഷ നേടാനാവും.

വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഒരു ഉപാധിയായി താരിഫുകളെ ഏറെക്കാലമായി ട്രംപ് ഉയർത്തിക്കാട്ടുന്നുണ്ട്. അമേരിക്കയുടെ വിഭവങ്ങൾ മറ്റ് രാജ്യങ്ങൾ കവർന്നെടുക്കുന്നുവെന്ന വാദഗതിക്കാരാണ് പ്രസിഡൻ്റ്. യുഎസ് വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും വരുമാനം ഉണ്ടാക്കുന്നതിനുമുള്ള ഒരു മാർഗമായി താരിഫുകളെ അദ്ദേഹം കാണുന്നു. ഈ തീരുമാനത്തിൽ ഇലോൺ മസ്‌കിന് പങ്കില്ലെന്നും ട്രംപ് വിശദീകരിച്ചു.

ചൈനയ്ക്ക് താരിഫുകളിൽ നേരിയ ഇളവ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്ക് പരസ്പര താരിഫ് പ്രഖ്യാപിക്കുമെന്നാണ് ആവർത്തിച്ച് ഇദ്ദേഹം വ്യക്തമാക്കിയത്. ഇതിനിടയിലാണ് ചൈനയോടുള്ള നിലപാടിലെ മയപ്പെടുത്തൽ. അതേസമയം ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥാവകാശം ഒരു പ്രധാന തർക്ക വിഷയമായി നിലനിൽക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*