‘അവരെ തിരിച്ചെത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു; സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ കൊണ്ടുവരുമെന്ന് മസ്‌ക്‌

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികരെ എത്രയും വേഗം തിരികെ കൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്പേസ് എക്സിനോട് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്. തങ്ങള്‍ അത് ചെയ്യുമെന്നും ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയാനകമാണെന്നും മസ്‌ക് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

മസ്‌കിന്റെ പോസ്റ്റിന് താഴെ ബൈഡന്‍ ഭരണകൂടത്തിനെ വിമര്‍ശിച്ച് ട്രംപും പ്രതികരിച്ചു. 2024 ജൂണ്‍ 5 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിക്കുന്ന രണ്ട് ബഹിരാകാശയാത്രികരായ ബുച്ച് വില്‍മോര്‍, സുനിത വില്യംസ് എന്നിവര്‍ കുടുങ്ങിയ സാഹചര്യം ബൈഡന്‍ ഭരണകൂടം കൈകാര്യം ചെയ്തതില്‍ പ്രസിഡന്റ് ട്രംപ് നിരാശ പ്രകടിപ്പിച്ചു

‘ബൈഡന്‍ ഭരണകൂടം ബഹിരാകാശത്ത് ഉപേക്ഷിച്ച രണ്ട് ധീരരായ ബഹിരാകാശയാത്രികരെ കൊണ്ടുപോകാന്‍ ഞാന്‍ സ്പേസ് എക്സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനോട് ആവശ്യപ്പെട്ടു. അവര്‍ മാസങ്ങളായി അന്താരാഷ്ട്ര നിലയത്തില്‍ കാത്തിരിക്കുകയാണ്. ഇലോണ്‍ ഉടന്‍ തന്നെ യാത്ര തുടങ്ങും. എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലോണ്‍ ആശംസകള്‍!’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

സ്പേസ് എക്സ് ബഹിരാകാശയാത്രികരെ തിരിച്ച് കൊണ്ടുവരുമെന്ന് മസ്‌ക് അറിയിച്ചു. യാത്രികരെ തിരിച്ചെത്തിക്കാന്‍ കാലതാമസം നേരിട്ടതില്‍ ബൈഡന്‍ ഭരണകൂടത്തെ അദ്ദേഹം വിമര്‍ശിച്ചു, ‘ബൈഡന്‍ ഭരണകൂടം അവരെ ഇത്രയും കാലം അവിടെ ഉപേക്ഷിച്ചത് ഭയങ്കരമാണ്. ബഹിരാകാശയാത്രികര്‍ ‘കുടുങ്ങിപ്പോയവര്‍’ എന്നോ ‘ഉപേക്ഷിക്കപ്പെട്ടവര്‍’ എന്ന നിലയിലാണോ വിശേഷിപ്പിക്കേണ്ടതെന്നതില്‍ അറിയില്ലെന്നും മസ്‌ക് പോസ്റ്റില്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*