അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഉടന്‍ അടച്ചുപൂട്ടും; സുപ്രധാന ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്; വലതുപക്ഷത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം

അമേരിക്കന്‍ വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും സ്വതന്ത്രമായി തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താനുള്ള ഉത്തരവിലാണ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചിരിക്കുന്നത്. അമേരിക്കയിലെ വലതുപക്ഷം പതിറ്റാണ്ടുകളായി മുന്നോട്ടുവയ്ക്കുന്ന ആവശ്യം പരിഗണിച്ചാണ് ട്രംപിന്റെ സുപ്രധാന തീരുമാനം.

അമേരിക്കയിലെ ഫെഡറല്‍ വിദ്യാഭ്യാസ വകുപ്പ് നമ്മുക്ക് നല്ലതിനല്ലെന്നും എത്രയും വേഗം ഇത് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറെന്നും ഉത്തരവില്‍ ഒപ്പുവച്ച ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 1979ലാണ് അമേരിക്കന്‍ ഫെഡറല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥാപിതമായത്. യു എസ് കോണ്‍ഗ്രസിന്റെ കൂടി അനുവാദത്തോടെ മാത്രമേ വിദ്യാഭ്യാസ വകുപ്പ് അടച്ചിടാനാകൂ. എന്നാല്‍ ട്രംപിന്റെ ഉത്തരവ് പുറത്തിറങ്ങുന്നതോടെ വിദ്യാഭ്യാസ വകുപ്പിനുള്ള ഫണ്ടും ജീവനക്കാരുടെ ശമ്പളവും നിയമനവും നിര്‍ത്തലാകുന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം അസാധ്യമാകും.

ഫെഡറല്‍ വിദ്യാഭ്യാസവകുപ്പ് ഇല്ലാതാക്കുമെന്ന് ട്രംപ് തന്റെ പ്രകടനപത്രികയില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഫെഡറല്‍ വകുപ്പുകളുടെ പ്രവര്‍ത്തനം പരിഷ്‌കരിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ കൂടി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ട്രംപിന്റെ ഈ സുപ്രധാന നീക്കം. വിദ്യാഭ്യാസ നയരൂപീകരണത്തിനും സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള പൂര്‍ണ അധികാരം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കണമെന്നും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നും ട്രംപ് ഉത്തരവിലൂടെ വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോന് നിര്‍ദേശം നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*