അമേരിക്കയുടെ പകരച്ചുങ്ക പ്രഖ്യാപനം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്. ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേൽ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകൾക്കെതിരെ ചൈനയും കാനഡയും തിരിച്ചടിച്ചതോടെയാണ് ഓഹരി വിപണിയിൽ പ്രതിസന്ധി രൂക്ഷമായത്.

അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന കാർഷികോൽപന്നങ്ങളടക്കമുള്ള ഉൽപന്നങ്ങൾക്ക് ചൈന 34 ശതമാനം തീരുവ ചുമത്തിയിരുന്നു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ധാതുക്കളിലും ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു.

മറ്റ് രാജ്യങ്ങളിലെ വിപണികളിലും തകർച്ച ദൃശ്യമായി. ബ്രിട്ടനിലെ എഫ് ടി എസ് ഇ അഞ്ചു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോൾ ജർമ്മനിയിലേയും ഫ്രാൻസിലേയും ഓഹരി വിപണികളും ഏഷ്യൻ വിപണികളിലും സമാനമായ ഇടിവ് ഉണ്ടായി. അതിനിടെ, അമേരിക്കൻ ഓഹരി വിപണിയിലെ തകർച്ച താൽക്കാലികം മാത്രമാണെന്നും വിപണി വൈകാതെ കുതിച്ചുയരുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ പകരച്ചുങ്കം വ്യാപാരയുദ്ധത്തിന് ഇടയാക്കുകയാണെങ്കിൽ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് അത് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*