ടിടിഇയെ തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ; പ്രതി രജനീകാന്തയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

തൃശൂരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ പ്രതി രജനീകാന്ത രഞ്ജിത് ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടെന്നാണ് എഫ്‌ഐആര്‍. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതി, ടിടിഇ കെ വിനോദിനെ പിന്നില്‍ നിന്നും തള്ളിയിട്ടെന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം.

ടിക്കറ്റ് ഇല്ലാത്തതിന്റെ കാര്യത്തിന് ഫൈനടയ്ക്കാന്‍ ആവശ്യപ്പെട്ടതിനാണ് യാത്രക്കാരന്‍ ടിടിഇയെ പുറത്തേക്ക് തള്ളിയിട്ടതെന്നും എഫ്ഐആര്‍ പറയുന്നു. എസ് 11 കോച്ചില്‍ നിന്നാണ് രജനീകാന്ത വിനോദിനെ തള്ളിയിട്ടത്. ടിക്കറ്റില്ലാതെ സഞ്ചരിക്കുന്ന ഒരുകൂട്ടം ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതാണ് സംഭവത്തിലേക്ക് നയിച്ചത്. കോച്ചിന്റെ വലതുവശത്ത് ഡോറിന് അഭിമുഖമായി നിന്നിരുന്ന വിനോദിനെ പ്രതി കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ഇരുകൈകളും ഉപയോഗിച്ച് തള്ളുകയായിരുന്നു എന്നും എഫ്ഐആര്‍ വ്യക്തമാക്കുന്നു.

എറണാകുളത്ത് നിന്ന് പട്‌നയ്ക്കു പുറപ്പെട്ട പട്‌ന സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. എറണാകുളം സ്വദേശിയായ വിനോദിന് എറണാകുളത്ത് നിന്ന് ഈറോഡ് വരെയായിരുന്നു ഡ്യൂട്ടി. ഇന്നലെ രാത്രി ഏഴ് മണിയോടെ തൃശൂര്‍ വെളപ്പായയിലാണ് സംഭവം നടന്നത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന വിനോദിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Be the first to comment

Leave a Reply

Your email address will not be published.


*