ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി

അങ്കാറ: ഇസ്രയേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് തുർക്കി. ഗാസയിലെ മനുഷ്യത്വത്തിനെതിരായ പ്രവർത്തനങ്ങളുടെ പേരിലാണ് തുർക്കിയുടെ നടപടി. ഗാസയിൽ പട്ടിണി മൂലം വലയുന്നവർക്ക് ഭക്ഷണവും മരുന്നും അടക്കമുള്ള സഹായം എത്തിക്കുന്നത് തടയുന്നത് അടക്കമുള്ള ഇസ്രയേൽ നടപടിയാണ് തുർക്കിയെ കടുത്ത നിലപാടിലേക്ക് നയിച്ചതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.  ഗാസയിലേക്കുള്ള സഹായം എത്തുക്കുന്നതിൽ തടസം നീക്കാത്ത അത്രയും കാലത്തേക്കാണ് ഇസ്രയേലുമായുള്ള വ്യാപാര ബന്ധം തുർക്കി നിർത്തി വെച്ചിട്ടുള്ളത്. 7 ബില്യൺ യുഎസ് ഡോളറിൻ്റെ (ഏകദേശം 58352,36,40,000 രൂപ) വ്യാപാരമാണ് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. 

എന്നാൽ തുർക്കി പ്രസിഡന്റ് ഏകാധിപതിയേപ്പോലെ പെരുമാറുന്നുവെന്നാണ് നടപടിയെ ഇസ്രയേലിൻ്റെ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്. തുർക്കിയിലെ ജനങ്ങളുടേയും വ്യാപാരികളുടേയും താൽപര്യങ്ങളെ മുൻനിർത്തിയല്ല തുർക്കി പ്രസിഡന്റ് എർദോഗൻ്റെ നിലപാടെന്നും രാജ്യാന്തര ധാരണകളെ അവഗണിക്കുന്നതാണ് എർദോഗൻ്റെ നിലപാടെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രി വിശദമാക്കുന്നത്. 

തുർക്കി അല്ലാതെ വ്യാപാര ബന്ധത്തിനായി മറ്റ് ബദൽ മാർഗങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഇതിനിടെ എല്ലാ വിധ വ്യാപാരങ്ങളുമാണ് നിർത്തിവച്ചതെന്ന് തുർക്കി പുറത്തിറക്കിയ പ്രസ്താവനയിൽ വിശദമാക്കുന്നു. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങൾക്ക് വിലക്ക് വരാതിരിക്കാനാണ് തുർക്കി ശക്തമായ നിലപാട് സ്വീകരിക്കുന്നതെന്നും ഗാസയിലെ ജനങ്ങൾക്ക് സഹായം നിലക്കാതിരിക്കാൻ നിലപാട് സഹായിക്കുമെന്നാണ് വിലയിരുത്തുന്നതെന്നുമാണ് തുർക്കി വിശദമാക്കുന്നത്. 

1949ൽ ഇസ്രയേലിനെ അംഗീകരിച്ച ആദ്യ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലൊന്നായിരുന്നു തുർക്കി. എന്നാൽ അടുത്ത കാലത്ത് ഇവർ തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. 2010ൽ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധങ്ങൾ തുർക്കി ഉപേക്ഷിച്ചിരുന്നു. ഏറെ ചർച്ചകൾക്ക് ശേഷം 2016ലാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചത്. 

Be the first to comment

Leave a Reply

Your email address will not be published.


*