തുർക്കി-സിറിയ ഭൂകമ്പം: മരണം 25,000 കടന്നു, അഞ്ചാം ദിവസവും രക്ഷാ പ്രവർത്തനം തുടരുന്നു

തുർക്കി സിറിയ ഭൂകമ്പത്തിൽ മരണം 25,000 കടന്നു. വ്യാപകമായ നാശത്തിനും തണുപ്പിനും വിശപ്പിനും നിരാശയ്ക്കും ഇടയിൽ മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഭൂകമ്പം നാശം വിതച്ച തുർക്കിയെ സഹായിക്കാൻ ഇന്തോനേഷ്യയും ക്യൂബയും ചേർന്നു. തുർക്കിയിലേക്ക് ആരോഗ്യ പ്രവർത്തകരേയും ദുരിതാശ്വാസ പ്രവർത്തകരേയും അയച്ചു.  ഭൂകമ്പ ബാധിത പ്രദേശത്തേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ടി നിരവധി രാജ്യങ്ങൾ സഹായവുമായി എത്തി കൊണ്ടിരിക്കുകയാണ്. 

ഇതിനിടെ തുർക്കിയിലെ ഗാസിയാൻടെപ്പിലെ നൂർദാഗിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ കുടുങ്ങിപ്പോയ 8 വയസ്സുകാരിയെ ഇന്ത്യയുടെ എൻഡിആർഎഫും തുർക്കി സൈന്യവും രക്ഷപ്പെടുത്തി. അടിയന്തര വൈദ്യസഹായവും  മൊബൈൽ ആശുപത്രി സൗകര്യവും ലഭ്യമാക്കി ഇന്ത്യൻ സേന തുർക്കിയിലുണ്ട്.   ഓപ്പറേഷൻ ദോസ്ത് എന്ന പേരിലാണ് ഇന്ത്യയുടെ രക്ഷാപ്രവർത്തന ദൗത്യം. ഇന്ത്യ തുർക്കിക്ക് ഒപ്പമുണ്ടെന്നും ഇന്ത്യൻ സംഘം രാവും പകലും രക്ഷാദൗത്യത്തിലുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനും ഭൂകമ്പം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനുമായി അടിയന്തര ധനസഹായം ഉൾപ്പെടെ 1.78 ബില്യൺ ഡോളർ (ഏകദേശം 1.46 ലക്ഷം കോടി രൂപ) തുർക്കിക്ക് നൽകുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായം എത്തിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും വ്യക്തമാക്കി. പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിയ പ്രകൃതിദുരന്തത്തിൽ മറ്റ് വിയോജിപ്പുകൾ മറന്ന് ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*