തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം, ബിജെപി കൗണ്‍സിലര്‍ ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തിരുവനന്തപുരത്ത് തടഞ്ഞുവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പോലീസ് സ്വമേധയ എടുത്ത കേസിലാണ് നടപടി. ബിജെപി നഗരസഭാ കൗണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച വൈകീട്ടായിരുന്നു ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവച്ചത്.

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധമായിരുന്നു രാഷ്ട്രീയ സമൂഹിക രംഗത്തുനിന്നും ഉയര്‍ന്നന്നത്. തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*