‘കേരളത്തില്‍ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല, എന്ത് വില കൊടുത്തും ആര്‍എസ്‌എസിനെയും ബിജെപിയെയും പ്രതിരോധിക്കണം’; തുഷാര്‍ ഗാന്ധി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വച്ച് ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതില്‍ പ്രതികരിച്ച് മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധി. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു തുഷാറിനെ തടഞ്ഞത്. തനിക്കെതിരെ കേരളത്തിൽ ഉണ്ടായ ബിജെപിയുടെ പ്രതിഷേധം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വർഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കണം. ജനാധിപത്യ രാജ്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “കേരളത്തില്‍ ഇങ്ങനെയൊരു കാര്യം സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ നമ്മുടെ രാഷ്ട്രം ഈ ദിശയിലേക്കാണ് നീങ്ങുന്നത്, ഇത് വളരെ ആശങ്കാജനകമാണ്, കാരണം ഇന്ത്യ എന്ന രാജ്യത്തിന്‍റെ സ്ഥാപകർ ഒരു തീവ്രവാദ, അസഹിഷ്‌ണുതയുള്ള രാഷ്ട്രമായി വിഭാവനം ചെയ്‌തിട്ടില്ല.

അതിനാൽ അത്തരം കാര്യങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ഈ സംഘടനകളുടെ ഭീഷണിക്ക് വഴങ്ങാതിരിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. കേരളത്തിൽ ഇത് സംഭവിച്ചതിൽ ഞാൻ അത്ഭുതപ്പെട്ടു. കേരളത്തിലെ മതേതര പാർട്ടികളായ എൽഡിഎഫും യുഡിഎഫും ഇപ്പോൾ ആർഎസ്എസും ബിജെപിയും കേരളത്തിന്‍റെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് ഉണർന്നിരിക്കണം. ഈ ശക്തികളെ, വിഘടനവാദ ശക്തികളെ, പരാജയപ്പെടുത്താൻ ഒന്നിച്ചുനിൽക്കണം” അദ്ദേഹം പറഞ്ഞു.

വളരെക്കാലമായി കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും പരസ്‌പരം പോരടിച്ചാണ് മുന്നോട്ടുപോകുന്നത്, ഇപ്പോൾ ഒരു പുതിയ ശത്രു ഉണ്ടെന്നും അത് ഒരു പൊതു ശത്രുവാണെന്നും മനസിലാക്കാൻ അവർക്ക് സമയമെടുക്കുന്നു. അതിനാൽ അവർ ഒരുമിച്ച് ഈ ശത്രുവിനെ നേരിടുകയും കേരളത്തിൽ നിന്ന് അതിനെ അകറ്റി നിർത്തുകയും വേണം. കേരളത്തിൽ ആർ‌എസ്‌എസും ബിജെപിയും ശക്തരായാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നമുക്ക് വളരെയധികം പ്രതീക്ഷ നഷ്‌ടപ്പെടുമെന്നും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

അതേസമയം, മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്‌മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്‍റെയും ചെയര്‍മാനുമായിരുന്ന പി. ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്‌എസ് – ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് കയറാന്‍ അദ്ദേഹം വരുന്നതിനിടയിലാണ് ബിജെപി കൗണ്‍സിലര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തടഞ്ഞത്.

ചടങ്ങില്‍ ആര്‍എസ്‌എസും സംഘപരിവാറും രാജ്യത്തിന്‍റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ഗാന്ധി പറഞ്ഞതാണ് ആര്‍എസ്‌എസിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഈ പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, പിന്നോട്ടില്ലെന്നും തന്‍റെ വാക്കുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് തുഷാര്‍ ഗാന്ധി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*