തോൽവിക്കു കാരണം തുഷാറിന്റെ വരവും സർക്കാർവിരുദ്ധ തരംഗവുമെന്ന് വിലയിരുത്തൽ

കോട്ടയം :  ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി കോട്ടയം മണ്ഡലത്തിൽ മത്സസരരംഗത്ത് എത്തിയതാണ് തോമസ്ചാഴികാടന്റെ പരാജയത്തിനു കാരണമെന്ന് കേരള കോൺഗ്രസിന്റെ (എം)  അനൗദ്യോഗിക വിലയിരുത്തൽ. മന്ത്രി വി.എൻ വാസവന്റെ മണ്ഡലമായ ഏറ്റുമാനൂരിൽ ഇടതു മുന്നണി പ്രതീക്ഷിച്ച വോട്ട് ലഭിക്കാതിരുന്നതും എസ്.ൻഡിപി നേതൃത്വം തുഷാർ വെള്ളാപ്പള്ളിക്കു വേണ്ടി ശക്തമായി രംഗത്തു വന്നതും പരാജയത്തിനു കാരണമായെന്നാണു കേരള കോൺഗ്രസിന്റെ വിലയിരുത്തൽ.

സംസ്ഥാന സർക്കാർ ഭരണത്തോടുള്ള, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ ഭരണശൈലിയോടുള്ള ജനങ്ങളുടെ വിയോജിപ്പാണു പാലാ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ യുഡിഎഫിനു തുണയായതെന്നും കേരള കോൺഗ്രസ് (എം) വിലയിരുത്തുന്നു. പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ഇന്ത്യാമുന്നണി യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിക്കു പോയി. അദ്ദേഹം മടങ്ങിവന്ന ശേഷം പരാജയം സംബന്ധിച്ചു വിശദമായ വിലയിരുത്തലുണ്ടാവും.  സിപിഎമ്മിനും സിപിഐക്കും.പരമ്പരാഗതമായി ലഭിച്ചിരുന്ന വോട്ടുകളിൽ വിള്ളലുണ്ടായി.

ഏറ്റുമാനൂരിൽ 10,000 വോട്ടിന്റെ ഭൂരിപക്ഷം ഇടതുമുന്നണി കണക്കു കൂട്ടിയെങ്കിലും 9610 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതു യുഡിഎഫിനാണ്. ഏറ്റുമാനൂർ മണ്ഡലത്തിന്റെ ഭാഗമായ നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽനിന്ന് തുഷാറിനു മികച്ച പിന്തുണ മണ്ഡലത്തിന്റെ ഭാഗമായ നീണ്ടൂർ, തിരുവാർപ്പ്, കുമരകം എന്നിവിടങ്ങളിൽനിന്ന് തുഷാറിനു മികച്ച പിന്തുണ ലഭിക്കുകയും ചെയ്തു. ഇതെല്ലാം സിപിഎം വോട്ടുകളാണെന്നും കേരള കോൺഗ്രസ് (എം) കണക്കു കൂട്ടുന്നു. പുതുപ്പള്ളിയിൽ യുഡിഎഫിനു 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് കണക്കുകൂട്ടിയിരുന്ന കേരള കോൺഗ്രസ് പാലായിൽ ഇടതു മുന്നണിക്കു നേരിയ ഭൂരിപക്ഷവും പ്രതീക്ഷിച്ചു. 

കടുത്തുരുത്തിയിൽ തോമസ് ചാഴികാടനു 10,000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് പാലായിൽ 12,465 വോട്ടിന്റെയും കടുത്തുരുത്തിയിൽ 11,474 വോട്ടിന്റെയും പുതുപ്പള്ളിയിൽ 271,00 വോട്ടിന്റെയും ഭൂരിപക്ഷമാണു ഫ്രാൻസിസ് ജോർജ് നേടിയത്. ഇതു സർക്കാർവിരുദ്ധ തരംഗത്തിന്റെ ഭാഗമായി യുഡിഎഫിനു ലഭിച്ചതാണെന്നാണു വിലയിരുത്തൽ.  വൈക്കത്ത് ഇടതു വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ചെങ്കിലും ലഭിച്ചതാകട്ടെ 5196 വോട്ടിന്റെ ഭൂരിപക്ഷവും.

Be the first to comment

Leave a Reply

Your email address will not be published.


*