ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടി

കൊച്ചി: സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് താല്‍കാലികമായി നിര്‍ത്തിവെക്കണമെന്ന ഉത്തരവിന് പിന്നാലെ കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടി. ഇതേതുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. റോഡില്‍ കിടന്നും ഇവര്‍ പ്രതിഷേധിച്ചു. ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കാം എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി വിലയ്ക്ക് വില്‍ക്കുന്നത് നിര്‍ത്തണമെന്നായിരുന്നു കളക്ടറുടെ ഉത്തരവ്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് മറുപടി നല്‍കണമെന്നും ആവശ്യമുണ്ടായിരുന്നു.

നടപടിക്കെതിരെ ട്വന്റി20 പാര്‍ട്ടി കണ്‍വീനര്‍ സാബു എം ജേക്കബ് രംഗത്തെത്തുകയും ചെയ്തു. മാവേലി സ്റ്റോറുകള്‍ക്കും റേഷന്‍കടകള്‍ക്കുമില്ലാത്ത നിയന്ത്രണം എന്തിനാണ് ട്വന്റി20യുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയതെന്ന് സാബു എം ജേക്കബ് ചോദിച്ചു. പാവങ്ങളുടെ കഞ്ഞിയില്‍ പാറ്റയിടരുത്. വൃത്തികെട്ട നടപടിയാണിതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും എറണാകുളത്തുമായി രണ്ട് സ്ഥാനാര്‍ത്ഥികളെയാണ് ട്വന്റി20 മത്സരിപ്പിക്കുന്നത്. ചാലക്കുടിയില്‍ അഡ്വ. ചാര്‍ലി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ത്ഥികള്‍. ട്വന്റി20 പാര്‍ട്ടിസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചാല്‍ കൊച്ചി നഗരത്തെ മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ വന്‍നഗരങ്ങളോട് കിടപിടിക്കുന്ന മെട്രോനഗരമാക്കി മാറ്റുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ സാബു എം ജേക്കബിന്റെ അവകാശവാദം.

Be the first to comment

Leave a Reply

Your email address will not be published.


*