പുരുഷന്മാരെക്കാൾ ഇരട്ടി സാധ്യത; സ്ത്രീകൾക്കിടയിൽ സ്ട്രോക്ക് കേസുകൾ കൂടുന്നു

സ്ത്രീകളിലും പുരുഷന്മാരിലും രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത ഏറെക്കുറെ സമാനമാണെങ്കിലും സ്ട്രോക്കിന്റെ കാര്യത്തിൽ പുരുഷന്മാരെക്കാൾ രോ​ഗ സാധ്യത സ്ത്രീകളിലാണെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 2023ലെ സ്ട്രോക്ക് മരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഓരോ വർഷവും പുരുഷന്മാരെക്കൾ 55,000 സ്ത്രീകൾക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് വിലയിരുത്തുന്നത്.

സ്ത്രീകൾക്കിടയിലെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണവും പുരുഷന്മാർക്കിടയിലെ മരണത്തിന്റെ അഞ്ചാമത്തെ കാരണവുമായാണ് സ്ട്രോക്ക്.

എന്തുകൊണ്ട് സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കൂടുതല്‍?

ആയുര്‍ദൈര്‍ഘ്യം; പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പ്രായമാകുന്തോറും രക്തക്കുഴലുകള്‍ ശോഷിക്കുന്ന അവസ്ഥ സ്ത്രീകളില്‍ സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 85 വയസ്സിന് ശേഷമുള്ള സ്ത്രീകളില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ ഇരട്ടിയാണ്.

ഏട്രിയൽ ഫൈബ്രിലേഷൻ; സ്ത്രീകളില്‍ സംഭവിക്കുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് സ്ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് 75 വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുന്നു.

ഉയർന്ന രക്തസമ്മര്‍ദം; സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹോർമോണൽ വ്യതിയാനം: ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുമ്പോഴുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കും.

ബ്രെയിൻ അറ്റാക്ക് എന്നാണ് സ്‌ട്രോക്ക് അറിയപ്പെടുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുന്നത്. മസ്തിഷ്‌കാഘാതം സംഭവിക്കുമ്പോള്‍ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാകാതെ വരികയും തുടര്‍ന്ന് അവ നശിച്ചു പോകുകയും ചെയ്യുന്നു.

മസ്തിഷ്‌കാഘാതം പ്രധാനമായും രണ്ടു രീതിയിലാണ്.

  • ഇസ്‌കീമിക മസ്തിഷ്‌കാഘാതം
  • രക്തസ്രാവ മസ്തിഷ്‌കാഘാതം

മസ്തിഷ്‌കഭാഗങ്ങളിലേക്കുള്ള രക്തധമനികളില്‍ രക്തം കട്ടപിടിച്ച് രക്തയോട്ടം നിലക്കുന്നതാണ് ഇസ്‌കീമിക മസ്തിഷ്‌കാഘാതത്തിലേക്ക് നയിക്കുന്നത്. മസ്തിഷ്‌കത്തിനുള്ളിലെ ധമനികളോ മസ്തിഷ്‌കാവരണങ്ങളോട് ചേര്‍ന്നുള്ള അവാരാക്നോയിഡ് ധമനികളോ സ്വയം പൊട്ടി രക്തസ്രാവമുണ്ടാകുന്നതിലൂടെയാണ് രക്തസ്രാവ മസ്തിഷ്‌കാഘാതം സംഭവിക്കുക. തലയ്ക്കുണ്ടാകുന്ന ക്ഷതമോ തലയോട്ടി പൊട്ടലോ കൊണ്ട് സംഭവിക്കുന്ന മസ്തിഷ്‌കരക്തസ്രാവത്തെ മസ്തിഷ്‌കാഘാതമായി കണക്കാക്കുകയില്ല.

സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കുറയ്ക്കാം

  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • പതിവായി വ്യായാമം ചെയ്യുക
  • രക്തസമ്മര്‍ദവും കൊളസ്ട്രോളും എപ്പോഴും ക്രമീകരിച്ചു നിര്‍ത്തുക
  • പുകവലി ഉപേക്ഷിക്കുക
  • ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

Be the first to comment

Leave a Reply

Your email address will not be published.


*