ട്വിറ്റർ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗം മേധാവി എല്ല ഇർവിൻ രാജിവച്ചു

ട്വിറ്ററിന്റെ ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എല്ല ഇർവിൻ രാജി വച്ചു. ട്വിറ്റർ ഉള്ളടക്കനിയന്ത്രണങ്ങളുടെ ചുമതലക്കാരിയായിരുന്നു എല്ല. കഴിഞ്ഞ വർഷം ഇലോൺ മസ്ക് കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഉള്ളടക്കങ്ങൾക്കുള്ള മാർഗനിർദേശങ്ങളും നടപടികളും സംബന്ധിച്ച് രൂക്ഷ വിമർശനങ്ങൾ നേരിടുമ്പോഴാണ് എല്ലയുടെ രാജി.

2022 ജൂണിലാണ് എല്ല ട്വിറ്ററിൽ എത്തിയത്. ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മുൻ തലവൻ യോയൽ റോത്ത് രാജി വച്ചതിന് പിന്നാലെ നവംബറിലാണ് ചുമതല ഏറ്റെടുത്തത്. പരസ്യദാതാക്കളെ നിലനിർത്താൻ ട്വിറ്റർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലയുടെ രാജി. എന്നാൽ ട്വിറ്ററോ ഇലോൺ മസ്കോ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

ട്വിറ്ററിന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ (CEO) കണ്ടെത്തിയതായി ഇലോൺ മസ്‌ക് കഴിഞ്ഞ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. കോംകാസ്റ്റിന്റെ എന്‍ബിസി യൂണിവേഴ്സലിലെ പരസ്യ സെയില്‍സ് എക്സിക്യൂട്ടീവായ ലിന്‍ഡ യാക്കറിനോയാണ് ചുമതലകൾ ഏറ്റെടുക്കുക. മസ്‌ക് ട്വിറ്ററിന്റെ ചെയർമാനായി തുടരും.
ഒക്ടോബറിൽ 44 ബില്യൻ യുഎസ് ഡോളർ മുടക്കി ട്വിറ്റർ വാങ്ങിയതിന് പിന്നാലെയാണ് മസ്‌ക് സിഇഒ സ്ഥാനത്തെത്തിയത്. ഇതിനോടകം 7,500 ജീവനക്കാരില്‍ 75 ശതമാനത്തിലധികം പേരെയും മസ്‌ക് ഒഴിവാക്കി. ട്വിറ്ററിന്റെ മുന്‍ സിഇഒ ആയിരുന്ന ഇന്ത്യന്‍ സ്വദേശി പരാഗ അഗര്‍വാളും ലീഗല്‍ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടും. ഇന്ത്യയില്‍ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്.

Be the first to comment

Leave a Reply

Your email address will not be published.


*