ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ ഉണ്ടാവും: ജയ് ഷാ

ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ നിരന്തരം ഉണ്ടാവുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. എപ്പോഴും 50 താരങ്ങൾ തയ്യാറാണെന്നും എല്ലായ്പ്പോഴും രണ്ട് ദേശീയ ടീമുകളെ അണിനിരത്താൻ സാധിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. “ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും വിവിഎസ് ലക്ഷ്മണുമായും ചർച്ചകൾ നടത്തിയിരുന്നു. എപ്പോഴും 50 താരങ്ങൾ തയ്യാറാണ്. ഒരു രാജ്യത്ത് ഒരു ടീം ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ മറ്റൊരു രാജ്യത്ത് മറ്റൊരു ടീം വൈറ്റ് ബോൾ മത്സരങ്ങൾ കളിക്കുന്ന സാഹചര്യമാണ് ഭാവിയിൽ ഇനി വരാനുള്ളത്. ഒരേസമയം, രണ്ട് ദേശീയ ടീമുകൾ തയ്യാറായിരിക്കും.”- ജയ് ഷാ പറഞ്ഞു. ഈ മാസം തന്നെ ഇന്ത്യ ഒരേസമയം രണ്ട് ടീമുകളെ അണിനിരത്തുന്നുണ്ട്. സീനിയർ ടീം ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ യുവതാരങ്ങൾ അടങ്ങിയ മറ്റൊരു ടീം അയർലൻഡിനെതിരെ ടി-20 പരമ്പരയിൽ ഏറ്റുമുട്ടും. ഈ മാസം 26, 28 തീയതികളിലായാണ് ഇന്ത്യ അയർലൻഡിനെതിരെ ടി-20 മത്സരങ്ങൾ കളിക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*