ചാലിയാറില്‍ നിന്ന് തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി; തിരച്ചില്‍ തുടരും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടിയ മുണ്ടക്കൈ- ചൂരല്‍മല മേഖയില്‍ തിങ്കളാഴ്ചയും പരിശോധന തുടരുന്നു. വിവിധ മേഖലകളായി തിരിഞ്ഞാണ് തിരച്ചില്‍ തുടരുന്നത്. ചാലിയാര്‍ മേഖലയിലെ പരിശോധനയില്‍ ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത്.

കണ്ടെത്തിയ തലയോട്ടിയും ശരിരഭാഗവും ദൗത്യസംഘം കല്‍പ്പറ്റയില്‍ എത്തിച്ചു. വയനാട്ടില്‍ നിന്നും മലപ്പുറത്തുനിന്നുള്ള രണ്ട് ടീമുകളാണ് ഇന്ന് ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയത്, സൈന്യവും എസ്ഒജി കമാന്‍ഡോസും വനം വകുപ്പും ചേര്‍ന്നായിരുന്നു പരിശോധന. ചാലിയാല്‍ മേഖലയില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയാണ് തിരിച്ചലിന്റെ ലക്ഷ്യം. കഴിഞ്ഞദിവസത്തേതിന് സമാനമായ രീതിയില്‍ ജനകീയ തിരച്ചില്‍ അല്ല ഇന്ന് നടന്നത്. ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീര ഭാഗങ്ങളാണ് ലഭിച്ചത്. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഇവ മനുഷ്യന്‍റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. 

ഇതുവരെ 229 മൃതദേഹങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 178 പേരെ തിരിച്ചറിഞ്ഞു. 51 പേരെ കൂടി തിരിച്ചറിയാനുണ്ട്. ശരീരഭാഗങ്ങള്‍ തിരിച്ചറിയാനുള്ള ഡി.എന്‍.എ. പരിശോധന ഉടന്‍ പൂര്‍ത്തിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*