യുവാക്കളില്‍ ടൈപ്പ് 2 പ്രമേഹം വ്യാപകമാകുന്നു; കാരണങ്ങള്‍ അറിയാം!

പൊതുവേ കുട്ടികളെയും യുവാക്കളെയും ബാധിക്കുന്ന പ്രമേഹമായി നാം കരുതിയിരുന്നത് ടൈപ്പ് 1 പ്രമേഹമായിരുന്നു. ശരീരത്തിലെ പാൻക്രിയാറ്റിക് ബീറ്റ കോശങ്ങൾ നശിക്കുന്നതിനെ തുടർന്ന് ആവശ്യത്തിന് ഇൻസുലിൻ ഉൽപാദനം നടക്കാത്തതാണ് ടൈപ്പ് 1 പ്രമേഹത്തിലേക്ക് നയിക്കുന്നത്. നേരെ മറിച്ച് പ്രായമായി ഇൻസുലിൻ സംവേദനത്വം നഷ്ടപ്പെടുമ്പോൾ വരുന്ന പ്രമേഹമായിട്ടായിരുന്നു ടൈപ്പ് 2 പ്രമേഹത്തെ കണക്കാക്കിയിരുന്നത്. ജീവിതശൈലിയുടെ ഭാഗമായിട്ടാണ് ടൈപ്പ് 2 പ്രമേഹം ഒരാളെ പിടികൂടുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ടൈപ്പ് 2 പ്രമേഹം ബാധിക്കുന്ന യുവാക്കളുടെ എണ്ണം ഗണ്യമായി വർധിച്ചതായി പ്രമേഹരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

25 വയസ്സിന് താഴെയുള്ളവരുടെ പ്രമേഹ ബാധയിൽ 25 ശതമാനവും ഇപ്പോൾ ടൈപ്പ് 2 പ്രമേഹം മൂലമാണ് ഉണ്ടാകുന്നതെന്ന് മാക്സ് ഹെൽത്ത് കെയറിലെ ചെയർമാൻ ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ഡോ. അംബരീഷ് മിത്തൽ  അഭിപ്രായപ്പെടുന്നു. അമിതഭാരം, മോശം ഭക്ഷണക്രമം, അലസമായ ജീവിതശൈലി എന്നിവയാണ് യുവാക്കളിലെ വർധിച്ചു വരുന്ന ടൈപ്പ് 2 പ്രമേഹബാധയ്ക്ക് പിന്നിലെന്നും ഡോ. മിത്തൽ ചൂണ്ടിക്കാട്ടി. ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾ പലപ്പോഴും മെലിഞ്ഞവരായിരിക്കുമ്പോൾ ടൈപ്പ് 2 പ്രമേഹബാധിതരായ ചെറുപ്പക്കാരിൽ 80 ശതമാനവും പൊണ്ണത്തടിയുള്ളവരാണെന്നും ബാക്ടീരിയ, ഫംഗസ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അദ്ദേഹം പറയുന്നു.

ഉയർന്ന രക്തസമ്മർദം, അസാധാരണ തോതിലെ കൊളസ്ട്രോൾ, ഫാറ്റി ലിവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്നിവയുമായും ടൈപ്പ് 2 പ്രമേഹം ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹ ബാധിതരായ യുവാക്കളിൽ പകുതിയോളം പേർക്കും ഉയർന്ന രക്തസമ്മർദമുള്ളതായി ഐസിഎംആർ റജിസ്ട്രി കണക്കുകളും വ്യക്തമാക്കുന്നു. ടൈപ്പ് 1 പ്രമേഹം പലപ്പോഴും ജനിതക പ്രശ്നം കൊണ്ട് വരുന്നതായതിനാൽ ഇതിനെ പ്രതിരോധിക്കാൻ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ റിഫൈൻ ചെയ്ത കാർബോഹൈഡ്രേറ്റ് കുറവുള്ളതും ഫൈബറും പ്രോട്ടീനും ഉയർന്നതുമായ ഭക്ഷണക്രമം കൊണ്ടും വ്യായാമം ഉൾപ്പെടെയുള്ള സജീവ ജീവിതശൈലി കൊണ്ടും ടൈപ്പ് 2 പ്രമേഹത്തെ ഒരളവ് വരെ നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡോ. മിത്തൽ പറയുന്നു. കുട്ടിക്കാലത്തും കൗമാരത്തിലും അമിതവണ്ണം വരാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ തേടുക.

Be the first to comment

Leave a Reply

Your email address will not be published.


*