ടിറാന (അൽബേനിയ): അൽബേനിയയിലെ ടിറാനയിൽ നടന്ന അണ്ടർ 23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ചിരാഗ് ചികാരയ്ക്ക് സ്വർണം. ടൂർണമെന്റിലെ ഇന്ത്യയുടെ ഏക സ്വർണമാണിത്. ഫൈനൽ പോരാട്ടത്തില്‍ കിർഗിസ്ഥാന്റെ അബ്ദിമാലിക് കരാച്ചോവിനെ 4-3 എന്ന സ്കോറിനാണ് ചിരാഗ് പരാജയപ്പെടുത്തിയത്. പാരീസ് ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവ് അമൻ സെഹ്രാവത്തിന് ശേഷം അണ്ടർ 23 ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ രണ്ടാമത്തെ ഗുസ്തി താരമാണ് ചിരാഗ്.
ആദ്യ റൗണ്ടിൽ ജപ്പാന്റെ ഗാറ്റ്സുകോ ഒസാവയെ 6-1ന് പരാജയപ്പെടുത്തിയ ശേഷം റഷ്യയുടെ യൂനാസ് ഇവാബ്തിറോവിനെ 12-2ന് തോൽപ്പിച്ചാണ് താരം ക്വാർട്ടർ ഫൈനലിലെത്തിയത്. സെമിയിൽ കസാക്കിസ്ഥാന്റെ അലൻ ഒറാൾബെക്കിനെതിരെ മിന്നും പ്രകടനം നടത്തിയ ചിരാഗ് ഫൈനലിൽ കരാച്ചോവിനെ പരാജയപ്പെടുത്തി.
കഴിഞ്ഞ വർഷം 57 കിലോഗ്രാം വിഭാഗത്തിൽ അണ്ടർ 23 ഗുസ്തിയിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ അമൻ സെഹ്രാവത്തിന്റെ പാത പിന്തുടരുകയാണ് ചിരാഗ്. വനിതകളുടെ 76 കിലോഗ്രാം വിഭാഗത്തില്‍ റിതിക ഹൂഡയ്ക്കായിരുന്നു സ്വർണം.
പുരുഷന്മാരുടെ ഫ്രീസ്റ്റൈലിൽ 70 കിലോഗ്രാം വിഭാഗത്തിൽ താജിക്കിസ്ഥാന്റെ മുസ്തഫോ അഖ്മദോവിനെ 13-4ന് തോൽപ്പിച്ച് സുജിത് കൽക്കൽ വെങ്കലം നേടി. 97 കിലോഗ്രാം വിഭാഗത്തിൽ മുൻ അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ഉക്രെയ്നിന്റെ ഇവാൻ പ്രിമാചെങ്കോയെ 7-2ന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിക്കി ചാഹർ വെങ്കലം സ്വന്തമാക്കി.
61 കിലോഗ്രാം വിഭാഗത്തിൽ അഭിഷേകിന്റെ വെങ്കല മെഡൽ നേട്ടത്തോടെയാണ് ഇന്ത്യയുടെ മെഡൽ നേട്ടത്തിന് തുടക്കമായത്. മറ്റു മത്സരങ്ങളില്‍ ഇന്ത്യയുടെ വനിതാ ഫ്രീസ്റ്റൈൽ ടീം അഞ്ചാം സ്ഥാനത്തെത്തി. 59 കിലോഗ്രാം വിഭാഗത്തിൽ അഞ്ജലി വെള്ളി മെഡൽ നേടി, ടീമിലെ മറ്റ് മൂന്ന് താരങ്ങളും വെങ്കല മെഡലുകൾ നേടി. അതേസമയം പുരുഷന്മാരുടെ 55 കിലോഗ്രാം ഗ്രീക്കോ-റോമൻ വിഭാഗത്തിൽ വിശ്വജിത്ത് മോറെ വെങ്കലം നേടി.
Be the first to comment