പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാൾ അനുബന്ധിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു യുഎഇ

അബുദബി: യുഎഇയിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് ചെറിയ പെരുന്നാളിന് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ ദിന അവധികൾ കൂടി കൂട്ടിയാൽ ഒൻപത് ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. ഏപ്രിൽ എട്ട് മുതൽ 14വരെയാണ് അവധി ദിനങ്ങൾ. 15 മുതൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഞായറാഴ്ചയാണ് യുഎഇ സർക്കാർ അവധി പ്രഖ്യാപിച്ചത്. യുഎഇയിൽ ഈ വർഷം ലഭിക്കുന്ന ദൈർഘ്യമേറിയ അവധിയായിരിക്കും ചെറിയ പെരുന്നാളിന് ലഭിക്കുക.

സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 8 മുതൽ 11വരെയാണ് ചെറിയപെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാൽ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. ഏപ്രിൽ 14ന് തിരികെ ജോലിയിൽ പ്രവേശിക്കണം. കുവൈറ്റില്‍ അഞ്ചു ദിവസമാണ് ചെറിയ പെരുന്നാൾ അവധി ലഭിക്കുക. ഏപ്രില്‍ 9 മുതല്‍ 14 വരെയാണ് അവധി. ഏപ്രില്‍ 14 മുതല്‍ പ്രവ്യത്തി ദിനമായിരിക്കും. വാരാന്ത്യ ദിനങ്ങളുടെ അവധി കൂടി കൂട്ടിയാണ് അഞ്ചുദിവസം ലഭിച്ചിരിക്കുന്നത്.

ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. മാർച്ച് 11നാണ് റമദാൻ ആരംഭിച്ചത്. ഇസ്ലാമിക ചാന്ദ്ര കലണ്ടർ അനുസരിച്ച് അറബ് ഒമ്പതാം മാസത്തിലാണ് റമദാൻ വരുന്നത്. വർഷത്തിൽ 354 അല്ലെങ്കിൽ 355 ദിവസങ്ങളാണുള്ളത്. ചന്ദ്രൻ ദൃശ്യമാകുന്നതനുസരിച്ച് റമദാൻ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ വരെ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാൽ ഒന്നാം നാളിലാണ് ഈദ് അൽ ഫിത്തർ അഥവാ ചെറിയപെരുന്നാൾ ആഘോഷിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*