സനാതന ധർമ്മത്തിനെതിരായ പരാമർശം; ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം

സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് താൽക്കാലിക ആശ്വാസം. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്. വിവിധ ഇടങ്ങളിലെ കേസുകൾ ഒരിടത്തേക്ക് മാറ്റാമെന്ന ഉദയനിധി സ്റ്റാലിന്റെ ഹർജിയിലാണ് സുപ്രീംകോടതി ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഹർജി ഏപ്രിൽ 21 ന് പരിഗണിക്കും.

2023 സെപ്റ്റംബർ 2 ന് ചെന്നൈയിൽ തമിഴ്‌നാട് മുർപോകു എഴുത്താലർ സംഘം എന്ന സംഘടന നടത്തിയ ‘സനാതന ധർമ്മ നിർമ്മാർജ്ജന സമ്മേളനത്തിൽ’ പങ്കെടുക്കവെയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണ്. കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, കൊറോണ തുടങ്ങിയവയെപ്പോലെയാണ് സനാതനധര്‍മ്മം. അവയെ എതിര്‍ക്കുകയല്ല, ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞു. സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ പതറില്ല. സനാതന ധര്‍മ്മത്തെ ദ്രാവിഡ ഭൂമിയില്‍ നിന്ന് തടയാനുള്ള നമ്മുടെ ദൃഢനിശ്ചയം അല്‍പ്പം പോലും കുറയില്ലെന്നും ഉദയനിധി സ്റ്റാലിന്‍ അഭിപ്രായപ്പെട്ടിരുന്നു.

മന്ത്രിക്കെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശം പ്രകോപനപരമാണെന്നും, മതവികാരം വ്രണപ്പെടുത്തുന്നതാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*