ഏക്നാഥ് ശിൻഡെയെ പാർട്ടി പദവികളിൽ നിന്ന് പുറത്താക്കി ഉദ്ദവ് താക്കറെ

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയ്ക്കെതിരെ പാർട്ടിക്കകത്ത് നടപടി കടുപ്പിച്ച് ഉദ്ദവ് താക്കറെ. പാർട്ടി പദവികളിൽ നിന്ന് ഏക്നാഥ് ശിൻഡെയെ നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ശിൻഡെയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് പറയുന്നു.

വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ശിൻഡെയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു. അതേസമയം നാളെ നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മഹാവികാസ് അഖാഡി സഖ്യത്തിൽ ഇതുവരെ തീരുമാനം ആയില്ല. സ്പീക്കർ സ്ഥാനം സഖ്യത്തിൽ കോൺഗ്രസിന് അവകാശപ്പെട്ടതായിരുന്നു.

വിമത എംഎൽഎമാരെ അയോഗ്യരാക്കുന്ന കാര്യത്തിൽ സുപ്രീം കോടതി തീരുമാനം പറയും മുൻപ് തെരഞ്ഞെടുപ്പ് നടക്കുന്നതിനെതിരെ അമർഷത്തിലാണ് കോൺഗ്രസ്. 2014 ൽ ശിവസേനയിൽ നിന്ന് ബിജെപിയിലെത്തിയ രാഹുൽ നർവേക്കറാണ് ബിജെപി സ്ഥാനാർഥി. നിയമസഭാ കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ റാംരാജെ നിംബാൽക്കറിന്‍റെ മരുമകൻ കൂടിയാണ് നർവേക്കർ.

Be the first to comment

Leave a Reply

Your email address will not be published.


*