വയനാട് എംപിയെന്നത് ഏറ്റവും വലിയ ബഹുമതി: രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി. കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും പാര്‍ലമെന്റിനകത്തും പുറത്തും പ്രവര്‍ത്തിക്കുമെന്നും വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു. ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പമുണ്ട്.

‘വയനാട്ടില്‍ എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഞാനിവിടെ വന്നപ്പോള്‍ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാര്‍ത്ഥിയായി, നിങ്ങളെന്നെ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി. ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്‌നേഹം നല്‍കി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെൻ്റെ ഹൃദയത്തില്‍ നിന്നെടുക്കുന്ന വാക്കുകളാണ്’- രാഹുല്‍ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവാണ് ഇന്നത്തേത്. രാവിലെ 10 മണിക്ക് മൂപ്പൈനാട് റിപ്പണിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഹുൽ, വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ വരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ളവരും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു. മൂന്ന് സെറ്റ് പത്രികയാണ് ജില്ലാ കളക്ടര്‍ രേണുരാജിന് മുമ്പാകെ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*