യുഡിഎഫ് പ്രവേശനം: കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി ചര്‍ച്ച നടത്തും

പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.വി അന്‍വറുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി വന്നാല്‍ മുന്നണി പ്രവേശനമാകാം എന്നാണ് കോണ്‍ഗ്രസ് നിലപാട്.

പി.വി അന്‍വറിന്റെ രാഷ്ട്രീയ ഭാവിയാണ് ഇന്നത്തെ ചര്‍ച്ചയില്‍ നിര്‍ണായകം. രാവിലെ പത്തിന് നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയുള്ള യുഡിഎഫ് പ്രവേശനം നേതാക്കള്‍ അംഗീകരിക്കില്ല. അതിന് കഴിയാത്തതിന്റെ രാഷ്ട്രീയകാരണങ്ങള്‍ അന്‍വറിനെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കും.

പുതിയ പാര്‍ട്ടി രൂപീകരിച്ച് മുന്നണിയിലേക്ക് എത്താം എന്നതാകും അന്‍വറിന് മുന്‍പില്‍ വയ്ക്കുന്ന ഫോര്‍മുല. അതിന് കഴിയില്ലെങ്കില്‍ പുറത്തുനിന്ന് സഹകരിക്കുക എന്ന ഉപാധി മുന്നോട്ട് വയ്ക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള യു.ഡി.എഫ് പ്രവേശനം പി.വി അന്‍വര്‍ അംഗീകരിച്ചില്ലെങ്കില്‍ ചര്‍ച്ച നീളും. . പി.വി അന്‍വറിന്റെ പിടി വാശിക്ക് വഴങ്ങരുത് എന്ന് യുഡിഎഫിലെ മറ്റു ഘടകകക്ഷികളും കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ആ ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതിന്റെ മുന്നോടിയാണ് ഇന്നത്തെ ചര്‍ച്ച.

Be the first to comment

Leave a Reply

Your email address will not be published.


*