ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ: സഭ ബഹിഷ്‌കരിച്ച് യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍

സെക്രട്ടറിയേറ്റ് പടിക്കല്‍ ആശാ വര്‍ക്കേഴ്‌സ് നടത്തുന്ന നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്റെ ഐക്യദാര്‍ഢ്യം. യുഡിഎഫ് എംഎല്‍എമാര്‍ ഒന്നടംഗം ആശവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തി. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ സഭ ബഹിഷ്‌കരിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ആശമാര്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ സമരം നടത്തുന്നതെന്നും ഈ സമരത്തിന് കേരളത്തിലെ പ്രതിപക്ഷം പൂണമായ പിന്തുണയാണ് വാഗ്ദാനം ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സമരക്കാരെ അധിക്ഷേപിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രശ്‌നപരിഹാരം കണ്ടാല്‍ സര്‍ക്കാരിനെ ആദ്യം അഭിനന്ദിക്കുക പ്രതിപക്ഷം. പ്രതിപക്ഷം ആശമാരുടെ കൂടെയുണ്ടാകും – അദ്ദേഹം പറഞ്ഞു.

എന്തുകൊണ്ടാണ് ആരോഗ്യമന്ത്രിക്ക് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാതിരുന്നതെന്നി അറിയില്ല. മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുത്തിട്ട് വേണമായിരുന്നു പോകാന്‍. ഞങ്ങള്‍ പാര്‍ലമെന്റിനകത്തും പുറത്തും ഇതുമായി ബന്ധപ്പെട്ട പോരാട്ടം ഞങ്ങള്‍ തുടരും. കേന്ദ്ര സര്‍ക്കാര്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കണം. സംസ്ഥാന ഗവണ്‍മെന്റ് ഓണറേറിയം വര്‍ധിപ്പിക്കണം. ആശാ വര്‍ക്കര്‍മാര്‍ ചെയ്യുന്ന ജോലിക്ക് ആനുപാതികമായ തരത്തില്‍ വേതനം നല്‍കണം. 21000 രൂപയാക്കണം എന്നാണ് അവരുടെ ആവശ്യം. 700 രൂപയാണ് കേരളത്തിലെ അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം. ആശമാര്‍ക്ക് അതിന്റെ പകുതി പോലും കിട്ടുന്നില്ല. ജോലി ഭാരമാണെങ്കില്‍ വലുതുമാണ്. അതുപോലെ തന്നെയാണ് അംഗനവാടി ജീവനക്കാരുടെയും കാര്യം. മന്ത്രിമാരടക്കമുള്ള സിപിഐഎം നേതാക്കള്‍ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണ്. ഞങ്ങള്‍ രാഷ്ട്രീയം നോക്കിയല്ല സമരത്തെ പിന്തുണച്ചത്. ന്യായമാണെന്ന് തോന്നിയപ്പോഴാണ് പിന്തുണച്ചത് – അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*