യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ് വിമാനം പറത്തി; അഭിമാനമായി നിയ

ലണ്ടൻ : യുകെയിൽ പതിമൂന്നുകാരിയായ മലയാളി പെൺകുട്ടി റോയൽ എയർഫോഴ്സ‌ിന്റെ (ആർഎഎഫ്) ഗ്രോബ് ജി 115 വിമാനം പറത്തി. നാലാം ക്ലാസിൽ സൈക്കിൾ ചവിട്ടാനും ഡിഗ്രിക്ക് ബൈക്ക് ഓടിക്കാനും പഠിച്ച സിബി നിലബൂരിന് മകളെ ഇത്ര ചെറുപ്പത്തിൽ ആകാശത്തോളം ഉയരത്തിൽ സ്വപ്നം കാണാൻ അവസരം ഒരുക്കിയതിലുള്ള സന്തോഷം  പറഞ്ഞറിയിക്കാനാവില്ല.കൊച്ചിയിലെ തിരക്കിനിടയിൽ സൈക്കിൾ പഠിപ്പിക്കാൻ സാധിക്കാത്തതിലുള്ള വിഷമം യുകെയിൽ എത്തിയപ്പോൾ മകൾ നിയ വിമാനം പറത്തിയതിലൂടെ ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു.

രണ്ടു പതിറ്റാണ്ടായി യുകെയിൽ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശി ബെർണാർഡ് തൻ്റെ മകൻ ആർഎഎഫ് കേഡറ്റാണെന്നും സ്വന്തമായി വിമാനം പറത്തിയെന്നും പറഞ്ഞതാണ് നിയയ്ക്കും പ്രചോദനമായത്. ബെർണാർഡ് നൽകിയ വിവരത്തെ തുടർന്ന് ആർഎഎഫിന്റെ ഓപ്പൺ ഹൗസിൽ പങ്കെടുത്ത നിയക്ക് 13 വയസ്സ് പൂർത്തിയായപ്പോൾ കേഡറ്റായി ചേരാൻ അവസരം ലഭിച്ചു.

എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും വൈകുന്നേരം സ്‌കൂൾ കഴിഞ്ഞുവന്നാൽ ഏഴുമുതൽ പത്തുവരെ കേഡറ്റുകൾക്കുള്ള പരിശീലനത്തിന് ക്യാംപിൽ പോകാറുണ്ട്. കഠിനമായ ഡ്രില്ലുകളും അതിജീവന പരിശീലനങ്ങളും ഉണ്ടെങ്കിലും വിമാനം പറത്തുന്ന ദിവസത്തെ സ്വപ്നം കണ്ടാണ്.റോയൽ എയർഫോഴ്‌സിൻ്റെ വിവിധ യൂണിഫോമുകളും ബാഡ്‌ജുകളും നേടുന്നതിലും പരേഡുകളിൽ അഭിമാനത്തോടെ പങ്കെടുക്കുന്നത് ഈ പെൺകുട്ടിക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്.

12നും 17നും ഇടയിൽ പ്രായമുള്ള യുകെയിലെ മലയാളി കുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി സിബി നിലബൂർ ഈ അനുഭവം പങ്കുവെക്കുന്നു. ഭാവിയിൽ എയർഫോഴ്സിലോ മറ്റ് സൈനിക വിഭാഗങ്ങളിലോ താൽപ്പര്യമുള്ളവർക്ക് ആർഎഎഫ് മികച്ച പരിശീലനവും അവസരങ്ങളുമാണ് നൽകുന്നത്.

ഹൈക്കിങ്, ക്യാംപിങ്, നാവിഗേഷൻ പരിശീലനം, എക്സർസൈസുകൾ, റൈഫിൾ പരിശീലനം, ഷൂട്ടിങ് മത്സര പരിശീലനം, ലീഡർഷിപ്പ് പരിശീലനം, ടീം ബിൽഡിങ്, പ്രോബ്ലം സോൾവിങ്, സൈബർ കമ്യൂണിക്കേഷൻ പരിശീലനം, എൻജിനിയറിങ് സയൻസ് പ്രൊജക്‌ടുകൾ, സ്പോർട്സ് പരിശീലനങ്ങൾ, ചാരിറ്റി പ്രവർത്തനങ്ങൾ, രാജ്യാന്തര ക്യാംപുകൾ, നാറ്റോ ക്യാംപ് സന്ദർശനങ്ങൾ, മിലിട്ടറി ക്യാംപ് സന്ദർശനങ്ങൾ, ഡ്യൂക്ക് ഓഫ് എഡിൻബറോ അവാർഡിൽ പങ്കാളിയാകാൻ അവസരം എന്നിങ്ങനെ നിരവധി അവസരങ്ങൾ ആർഎഎഫ് കേഡറ്റുകൾക്ക് ലഭിക്കും.

ഇന്ന് നിയയോടൊപ്പം ആൻട്‌കിമിലെ എയർ ബേസിൽ മറ്റ് നാല് മലയാളി കേഡറ്റുകളും വിമാനം പറത്താൻ ഉണ്ടായിരുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് സിബി നിലബൂർ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ കൂടുതൽ മലയാളി കുട്ടികൾ എയർ, ആർമി, നേവൽ കേഡറ്റുകളായി മുന്നോട്ട് വരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. അടുത്ത ഓപ്പണിങ് രണ്ടു മാസത്തിനുള്ളിൽ ഉണ്ടാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*