എഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമനിർമാണത്തിന് ഒരുങ്ങി യുകെ

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാന്‍ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന എഐ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി യുകെ മാറുമെന്ന് ഹോം ഓഫിസ് പറയുന്നു. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ നിയമം ലംഘിക്കുന്നവര്‍ക്ക് തടവു ശിക്ഷ ലഭിക്കും. 

ഇത്തരം ചിത്രങ്ങള്‍, വിഡിയോകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന വെബ്സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതും നിരോധിക്കും. വിഡിയോകള്‍ പലപ്പോഴും വിദേശത്ത് ചിത്രീകരിക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ലൈംഗിക അപകടസാധ്യതയുണ്ടെന്ന് സംശയിക്കുന്ന വ്യക്തികള്‍ യുകെയിലേക്ക് പ്രവേശിക്കുമ്പോള്‍ അവരുടെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പരിശോധനയ്ക്കായി അണ്‍ലോക്ക് ചെയ്യാന്‍ ബോര്‍ഡര്‍ ഫോഴ്സിന് അധികാരം നല്‍കും. കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യാനും ഇരകളെ കൂടുതല്‍ ദുരുപയോഗം ചെയ്യാനും എഐ സഹായത്തോടെ വ്യാജ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഓണ്‍ലൈനിലൂടെ കുട്ടികള്‍ക്ക് നേരെയുള്ള ഭീഷണിയുമായി ബന്ധപ്പെട്ട് ഓരോ മാസവും 800 ഓളം അറസ്റ്റുകള്‍ നടക്കുന്നതായി നാഷനല്‍ ക്രൈം ഏജന്‍സി (എന്‍സിഎ) അറിയിച്ചു. ക്രൈം ആന്‍ഡ് പൊലീസിങ് ബില്ലിന്റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നടപടികള്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*