
ലണ്ടൻ: ഇംഗ്ലണ്ടിൽ സ്കൂൾ ഹോളിഡേ ഫൈനായി കഴിഞ്ഞവർഷം മാതാപിതാക്കൾ അടച്ചത് റെക്കോർഡ് പിഴ. കഴിഞ്ഞ അധ്യയന വർഷം 443,322 പൗണ്ടാണ് ഇത്തരത്തിൽ വിവിധ കൗൺസിലുകൾക്ക് മാതാപിതാക്കൾ പിഴയായി നൽകിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ.
2016-17 അധ്യയന വർഷത്തിലാണ് അനധികൃതമായി സ്കൂളുകളിൽനിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴ വിധിക്കാൻ സർക്കാർ ആരംഭിച്ചത്. അന്നുമതുൽ ഒരോ വർഷവും പിഴ വർധിച്ചുവരികയാണെങ്കിലും കഴിഞ്ഞ വർഷം സർവകാല റെക്കോർഡ് ഭേദിച്ചാണ് പിഴത്തുകയിൽ 24 ശതമാനം വർധന ഉണ്ടായത്.
യോർക്ഷെയറിലാണ് ഏറ്റവും അധികം പേർ പിഴയൊടുക്കിയത്. 2019-20, 2020-21 കാലയളവ് കോവിഡ് കാലമായിരുന്നതിനാൽ പിഴത്തുക ആർക്കുംതന്നെ ബാധകമായില്ല. എന്നാൽ അതിനുശേഷം ഓരോവർഷവും പിഴ വർധിച്ചുവരികയാണ്. ഒരു കുട്ടി അഞ്ചോ അതിലധികമോ ദിവസം സ്കൂളിൽ ഹാജരാകാതിരുന്നാൽ 80 പൗണ്ടാണ് പിഴ അടയ്ക്കേണ്ടത്. 28 ദിവസത്തിനുള്ളിൽ പിഴ നൽകിയില്ലെങ്കിൽ ഇത് ഇരട്ടിയായി ഉയരും.
ഒരു കുട്ടിതന്നെ രണ്ടാംവട്ടവും വീണ്ടും അവധിയെടുത്താൽ ആദ്യംതന്നെ പിഴ 160 പൗണ്ടാകും. രണ്ടിൽ കൂടുതൽ തവണ അനധികൃതമായി അവധിയെടുത്താൻ മാതാപിതാക്കൾക്കെതിരെ നിയമനടപടിയും കോടതിയിൽ നിന്നും 2500 പൗണ്ട് വരെ പിഴയും ലഭിക്കാം. ചില കൗൺസിലുകൾ ജോലിക്കാരായ രണ്ടു രക്ഷകർത്താക്കളുടെയും പക്കൽനിന്നു പിഴ ഈടാക്കുന്നുണ്ട്.
അംഗീകൃത അവധി ദിവസങ്ങൾക്കു പുറമെ കുട്ടികളെ സ്കൂളിൽ അയയ്ക്കാതെ അവധിയെടുത്ത് കറങ്ങിനടക്കുന്ന മാതാപിതാക്കളെ നിയന്ത്രിക്കാനാണ് പിഴ സംവിധാനം സർക്കാർ നടപ്പിലാക്കിയത്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി മാതാപിതാക്കളാണ് ഇത്തരത്തിൽ കുട്ടികളുമായി ദീർഘകാല അവധിക്കു പോകുന്നവരിൽ ഏറെയും.
Be the first to comment