
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് പുതിയ കുടിയേറ്റ നയവുമായി ബ്രിട്ടൺ. വിദേശ രാജ്യങ്ങളിൽ നിന്ന് പഠനാവശ്യത്തിനെത്തുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ കുടുംബാംഗങ്ങളെ ആശ്രിതരായി രാജ്യത്തേക്ക് കൊണ്ടുവരാൻ സാധിക്കൂ. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയായ സുവെല്ല ബ്രെവർമാൻ ചൊവ്വാഴ്ചയാണ് ബ്രിട്ടീഷ് അധോസഭയിൽ പുതിയ നയം അവതരിപ്പിച്ചത്.
വിദേശത്ത് നിന്ന് പഠനത്തിനായി യുകെയിൽ എത്തുന്ന വിദ്യാർഥികൾക്ക് അവരുടെ മാതാപിതാക്കളെയോ മക്കളെയോ അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങളെയോ ആശ്രിതരായി കൊണ്ടുപോകാൻ രാജ്യത്തെ വിസാ നിയമം അനുവദിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലെ കണക്കുകൾ പ്രകാരം, വിദ്യാർഥികളുടെ ആശ്രിതരായി ഏകദേശം 1,36,000 പേരാണ് യുകെയിൽ എത്തിയത്. 2019നെ അപേക്ഷിച്ച് എട്ട് മടങ്ങാൻ വർധനവ്. ഈ സാഹചര്യത്തിലാണ് പുതിയ നടപടിയെന്നാണ് മന്ത്രിയുടെ വിശദീകരണം.
പുതിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റം കുറയ്ക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ നിലപാട് എടുത്തിരുന്നു. അതിനാൽ പുതിയ നിയന്ത്രണങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്. ബ്രിട്ടണിൽ നിലവിൽ ഏറ്റവും കൂടുതൽ വിദേശ വിദ്യാർഥികളെത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നാണ് കണക്കുകൾ. ആശ്രിതരെ കൊണ്ടുവരുന്ന കാര്യത്തിലും ഇന്ത്യയിൽ നിന്നുള്ള വിദ്യാർഥികൾ രണ്ടാം സ്ഥാനത്താണ്. നൈജീരിയൻ വിദ്യാർഥികളാണ് ഇക്കാര്യത്തിൽ ഒന്നാമത്.
അന്താരാഷ്ട്ര വിദ്യാർഥികൾക്ക് പഠനം പൂർത്തിയാകും മുൻപ് തൊഴിൽ വിസയിലേക്ക് മാറാനുള്ള അനുമതി നീക്കം ചെയ്യുന്ന നടപടിയും പൂർത്തിയാക്കിയിട്ടുണ്ട്. അതിനൊപ്പമാണ് വിദ്യാർഥികളുടെയും അവരുടെ ആശ്രിതരുടെയും കാര്യത്തിലുള്ള പുനരവലോകനവും ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Be the first to comment