അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ അതീവ അപകടം : പുകയില ഉല്‍പ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പ് നല്‍കണമെന്ന് ഗവേഷകൻ

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാർത്ഥങ്ങൾ ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുന്നതായി ആരോഗ്യവിദഗ്ധർ നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്. ഇത്തരം ഭക്ഷണങ്ങൾ ആരോഗ്യത്തിനു ഹാനികരണമാണെന്നന്ന് അവയുടെ പാക്കറ്റുകൾക്കു മുകളിൽ അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഗവേഷകൻ. പുകയില ഉല്‍പ്പന്നങ്ങളുടേതിനു സമാനമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നാണ് നിർദേശം.

‘അള്‍ട്രാ പ്രോസസ്ഡ് ഫുഡ്’ എന്ന വിശേഷണം ആവിഷ്കരിച്ച സാവോ പോളോ സർവകലാശാലയിലെ ന്യൂട്രിഷണൽ ശാസ്ത്രജ്ഞനായ പ്രൊഫ. കാര്‍ലോസ് മൊണ്ടേറോയാണ് നിർദേശം മുന്നോട്ടുവെച്ചത്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ കുഞ്ഞുങ്ങളിലും മുതിര്‍ന്നവരിലും ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഗണിച്ച് ഇവ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും ഇവ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത്തരം ഭക്ഷണങ്ങൾക്കു നികുതി കൂടുതലായി ഈടാക്കണമെന്നും നിര്‍ദേശമുണ്ട്. പ്രകൃതിദത്ത ഭക്ഷണത്തില്‍നിന്ന് ഉരുത്തിരിഞ്ഞതോ മറ്റ് ജൈവ സംയുക്തങ്ങളില്‍നിന്ന് സമന്വയിപ്പിച്ചതോ ആയ വ്യാവസായികമായി രൂപപ്പെടുത്തിയ ഭക്ഷണപദാര്‍ഥങ്ങളെയാണ്  അള്‍ട്രാ പ്രോസസ്ഡ് ഫുഡ് അഥവാ യുപിഎഫ് എന്ന് വിളിക്കുന്നത്.

എളുപ്പത്തിലുള്ള ലഭ്യത, വിലക്കുറവ് എന്നിവ പരിഗണിച്ച് ഒട്ടേറെപ്പേര്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളെ നിത്യജീവിതത്തില്‍ ആശ്രയിക്കുന്നുണ്ട്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കു വഴിവെയ്ക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പലതരത്തിലുള്ള പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ നിറങ്ങള്‍, മറ്റു രാസപദാര്‍ഥങ്ങള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ഇത്തരത്തിലുള്ള ഭക്ഷണം ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, അര്‍ബുദം എന്നിവ ഉണ്ടാക്കുന്നതായി പറയുന്നു. യുപിഎഫ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

മൊണ്ടേറോയും സഹപ്രവര്‍ത്തകരും 15 വര്‍ഷം മുന്‍പ് ‘നോവ’ എന്ന ഭക്ഷണ വര്‍ഗീകരണ സംവിധാനം കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണപദാര്‍ഥങ്ങളെ പോഷകമൂല്യം കുറഞ്ഞ സംസ്‌കരിച്ച ഭക്ഷണം, സംസ്‌കരിച്ച പാചക ചേരുവകള്‍, സംസ്‌കരിച്ച ഭക്ഷണം, അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണം എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഈ മാനദണ്ഡത്തിലൂടെയാണ് പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് യുപിഎഫ് എന്ന പേര് നല്‍കിയത്. ഭക്ഷണം പ്രോസസ്സ് ചെയ്യുന്ന രീതി, അതിലെ പോഷകമൂല്യം എന്നിവ പരിഗണിച്ചുകൊണ്ടാണ് ഈ പേര് നല്‍കിയത്.

രാജ്യാന്തര കോര്‍പ്പറേഷനുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന പുകയില, യുപിഎഫ് എന്നിവ ഒരുപോലെ അപകടകാരികളാണ് എന്ന് മൊണ്ടേറോ അഭിപ്രായപ്പെട്ടു. വളരെ വലിയ രീതിയില്‍, ചെറിയ ഉല്‍പ്പാദനച്ചെലവില്‍ നിര്‍മിച്ചെടുക്കുന്ന യുപിഎഫ് അകാലമരണത്തിനും ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇവയെ പറ്റിയുള്ള ആരോഗ്യസംബന്ധമായ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. ലാഭത്തിനപ്പുറം ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ പറ്റി ഇവ നിര്‍മിക്കുന്ന ഭീമന്‍ കമ്പനികള്‍ ആശങ്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാരണം ഇന്ന് ലോകത്തെമ്പാടും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ മാറ്റിസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വളരെ അപകടകരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഹാനികരമായ പരിണിതഫലങ്ങളെ പറ്റി ജനങ്ങളില്‍ മതിയായ ബോധവല്‍ക്കരണം ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തത് ഇന്നും വലിയ പോരായ്മയായി തുടരുകയാണ്.

പ്രോട്ടീന്‍ ബാറുകള്‍, സിറിയലുകള്‍, സോഡ കലര്‍ന്ന ശീതളപാനീയങ്ങള്‍, ഫാസ്റ്റ് ഫുഡ് എന്നിവയുടെ ഉപഭോഗം അനുദിനം വര്‍ധിച്ചുവരികയാണ്. ഇത് ജീവിതശൈലി രോഗങ്ങളുടെ വര്‍ധനയ്ക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് പുകയില പോലെയുള്ള ലഹരി പദാര്‍ഥങ്ങള്‍ക്ക് നല്‍കുന്ന അതേ മുന്നറിയിപ്പുകള്‍ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ക്കും നല്‍കുകയാണെകില്‍ ഇത് ആളുകളില്‍ വിഷയത്തിന്റെ ഗൗരവം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ നികുതിവര്‍ധനവിലൂടെ ഇവയുടെ ഉപഭോഗത്തില്‍ കാര്യമായ നിയന്ത്രണം ഉണ്ടാക്കിയെടുക്കാന്‍ കഴിയുമെന്നും അവര്‍ കണക്ക് കൂട്ടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*