ഐഫോണ്‍ 17 ലൈനപ്പില്‍ പുതിയ അള്‍ട്ര-തിന്‍- മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍. അടുത്തവര്‍ഷം ഈ മോഡല്‍ വിപണിയിലെത്തും. ഐഫോണ്‍ 17 ലൈനപ്പിലെ ഐ ഫോണ്‍ പ്രോ മാക്‌സിനെക്കാള്‍ മുകളില്‍ നില്‍ക്കുന്ന മോഡല്‍ ആയിരിക്കും ഇത്.
പുതിയ ഐഫോണ്‍ നിലവിലെ മോഡലുകളെക്കാള്‍ കനം കുറഞ്ഞതായിരിക്കും. ഫ്രണ്ട് ഫേസിങ് ക്യാമറയ്ക്കും സെന്‍സറുകള്‍ക്കുമായി ചെറിയ ഡൈനാമിക് ഐലന്‍ഡ് കട്ട്ഔട്ടും 6.12 ഇഞ്ചിനും 6.69 ഇഞ്ചിനും ഇടയിലുള്ള സ്‌ക്രീന്‍ വലുപ്പവും ഈ മോഡലിന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പുറകിലെ ക്യാമറകള്‍ മുകളിലെ ഇടത് ഭാഗത്തുനിന്ന് മുകളിലെ മധ്യഭാഗത്തേക്ക് മാറ്റിയായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നും സൂചനയുണ്ട്. കൂടാതെ, ആപ്പിളിന്റെ ഏറ്റവും പുതിയ എ-19 പ്രോസസറും മികച്ച വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി മെച്ചപ്പെട്ട മുന്‍ ക്യാമറയും ഫോണില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ആപ്പിള്‍ സപ്ലൈ ചെയിന്‍ അനലിസ്റ്റ് ജെഫ് പു, ഡിസ്‌പ്ലേ ഇന്‍ഡസ്ട്രി വിദഗ്ധന്‍ റോസ് യങ് എന്നിവരും പുതിയ ഫോണിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിയിട്ടുണ്ട്. 6.5 ഇഞ്ച് ഐഫോണ്‍ 2025-ല്‍ വിപണയിലെത്തുമെന്ന് ഇരുവരും നേരത്തെ പരാമര്‍ശിച്ചിരുന്നു. ഈ പുതിയ ഹൈ-എന്‍ഡ് മോഡല്‍ അവതരിപ്പിക്കുന്നത് ഐഫോണ്‍ പ്ലസ് സീരീസിന്റ വില്‍പ്പന അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. പ്രതീക്ഷിച്ച വിപണിനേട്ടം ഐഫോണ്‍ പ്ലസിന് ലഭിച്ചിരുന്നില്ല.
Be the first to comment