അംപയറുടെ തെറ്റായ തീരുമാനം: ‘തോൽവി’; പ്രതിഷേധവുമായി ബംഗ്ലാദേശ് താരങ്ങള്‍

ടി20 ലോകകപ്പിൽ വാശിയേറിയ പോരാട്ടത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. എന്നാല്‍, ദക്ഷിണാഫ്രിക്ക വിജയിച്ച ആ നാലു റണ്‍സിനെ ചൊല്ലിയാണ് പുതിയ വിവാദം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 109 റണ്‍സ് മാത്രം.

ലെഗ് ബൈ ആയി ലഭിക്കേണ്ട നാല് റണ്‍സ് അംപയര്‍ തങ്ങള്‍ക്ക് അനുവദിക്കാതിരുന്നതാണ് പരാജയകാരണമെന്നാണ് ബംഗ്ലാദേശ് താരങ്ങളുടെ ആരോപണം. ബംഗ്ലാദേശ് താരം ഹൃദോയ് റോയ് അടക്കം താരങ്ങൾ അംപയർമാർക്കെതിരേ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. അംപയര്‍മാര്‍ അനുവദിക്കാതിരുന്ന ലെഗ് ബൈ ആയ നാലു കൂടി ലഭിച്ചിരുന്നെങ്കില്‍ തങ്ങള്‍ ജയിച്ചേനെ എന്നാണ് താരങ്ങളുടെയും ആരാധകരുടെയും വാദം. ബംഗ്ലാദേശ് ഇന്നിങ്സിന്റെ 17ാം ഓവറിലാണ് വിവാദ സംഭവം. ഫാസ്റ്റ് ബൗളര്‍ ആറ്റ്നിയല്‍ ബാര്‍ട്ട്മന്‍ ആയിരുന്നു ബൗളര്‍. ബംഗ്ലാദേശ് താരം മഹ്മദുള്ളയായിരുന്നു ക്രീസില്‍. ഈ ഓവറിലെ രണ്ടാം പന്ത് മഹ്മദുള്ളയുടെ പാഡില്‍ തട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എല്‍ബിഡബ്ള്യുവിനായി അപ്പീല്‍ ചെയ്യുകയും അംപയര്‍ ഔട്ട് അനുവദിക്കുകയും ചെയ്തു.

മഹ്മദുള്ളയുടെ പാഡില്‍ തട്ടിയ പന്ത് അപ്പോഴേക്കും ബൗണ്ടറി കടന്നിരുന്നു. അംപയറുടെ തീരുമാനം റിവ്യു ചെയ്യാന്‍ മഹ്മദുള്ള തീരുമാനിച്ചു. റിവ്യു സിസ്റ്റത്തില്‍ പരിശോധിച്ചപ്പോള്‍ ബോള്‍ ലെഗ് സ്റ്റംപിനു പുറത്തേക്കാണ് പോകുന്നതെന്നും ഔട്ടല്ലെന്നും വ്യക്തമായി. എന്നാല്‍ നിയമപ്രകാരം, അംപയര്‍ ഔട്ട് വിളിച്ചാല്‍ അത് റിവ്യൂവിന് പോയാലും അത് ഡെഡ് ബോള്‍ ആയാണ് കണക്കാക്കുക. ലെഗ്‌സ്റ്റംപിനു പുറത്തേക്ക് പോയ പന്തായിരുന്നെന്ന് വ്യക്തമായിരിന്നിട്ടും എല്‍ബിഡബ്യു ഔട്ട് വിധിച്ചതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. ഔട്ട് അല്ലാത്തതിനാല്‍ ലെഗ് ബൈ ഫോര്‍ വേണമെന്നായിരുന്നു ബംഗ്ലാദേശിന്റെ ആവശ്യം. എന്നാല്‍ അംപയര്‍ ഔട്ട് വിളിച്ച സമയത്ത് തന്നെ ബോള്‍ ഡെഡ് ആയെന്നും അതിനാല്‍ ലെഗ് ബൈ റണ്‍സ് അനുവദിക്കാന്‍ സാധിക്കില്ലെന്നും അംപയര്‍മാര്‍ ഉറപ്പിച്ചു പറഞ്ഞു. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ അടക്കം അംപയര്‍മാര്‍ക്കെതിരേ ബംഗ്ലാദേശ് ആരാധകരുടെ രോഷം ശക്തമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*