യുക്രെയ്നിലെ ആക്രമണത്തിനെതിരെ യുഎൻ ഏജൻസി

യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ. വലിയ ആണവാക്രമണത്തിനുള്ള സാധ്യതയാണ് വ്യോമാക്രമണം ഉയര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസമാണ് റഷ്യയുടെ അധീനതയിലുള്ള ആണവനിലയത്തിന് നേരെ വ്യോമാക്രമണം നടന്നത്. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. അതേസമയം യുക്രെയ്‌നാണ് വ്യോമാക്രമണത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചെങ്കിലും യുക്രെയ്ന്‍ നിരസിച്ചു.

യുക്രെയ്‌ൻ്റെ ഭാഗത്ത് നിന്നും സൈനികപരമായ പ്രകോപനമുണ്ടായിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രധാന ഇന്റലിജന്‍സ് ഡയറക്ടറേറ്റ് വക്താവ് ആന്‍ഡ്രി യുസോവ് വ്യക്തമാക്കി. ആറ് റിയാക്ടറുള്ള സപ്പോറിജിയ ആണവ നിലയം 2022ലാണ് റഷ്യ പിടിച്ചെടുത്തത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോറിജിയ. അതേസമയം വ്യോമാക്രമണം ആണവനിലയിത്തിലെ ഒരു റിയാക്ടറിനെ ബാധിച്ചിട്ടുണ്ടെന്ന് ഐഎഇഎ പറഞ്ഞു. നേരത്തെ തന്നെ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ ഐഎഇഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആക്രമണം ആണവ സുരക്ഷയെ ബാധിച്ചിട്ടില്ലെങ്കിലും ഗുരുതരമായ സംഭവമാണിതെന്ന് ഐഎഇഎ പറഞ്ഞു. കുറഞ്ഞത് മൂന്ന് ആക്രമണങ്ങളാണ് ആണവനിലയത്തിന് നേരെയുണ്ടായത്. ആണവ നിലയങ്ങളിലെ ആക്രമണങ്ങള്‍ രാഷ്ട്രീയപരമായും സൈനികപരമായും നേട്ടങ്ങളുണ്ടാക്കില്ലെന്നും ഐഎഇഎ തലവന്‍ റാഫേല്‍ ഗ്രോസി പ്രതികരിച്ചു. റേഡിയേഷന്‍ അളവ് സാധാരണ രീതിയിലാണെന്നും ഗുരുതരമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് ആണവനിലയത്തിൻ്റെ റഷ്യന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*