ഗാസ: ഗാസയില്‍ ഇസ്രയേൽ നടത്തുന്നത് കുഞ്ഞുങ്ങള്‍ക്ക് എതിരെയുള്ള യുദ്ധമാണെന്ന് യു എൻ അഭയാർഥി ഏജൻസി കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാറിനി. ഇത് കുഞ്ഞുങ്ങള്‍ക്കെതിരായ യുദ്ധമാണ്. അവരുടെ ബാല്യത്തിനും ഭാവിക്കുമെതിരായ യുദ്ധം. പുറത്തു വരുന്ന കണക്കുകൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. കഴിഞ്ഞ നാലു വർഷം ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം 12,300 കുട്ടികൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനിയെങ്കിലും യുദ്ധം അവസാനിപ്പിക്കണമെന്നും കുട്ടികളുടെ ജീവനുവേണ്ടിയെങ്കിലും വെടിനിർത്തൽ പ്രാവർത്തികമാക്കണമെന്നും ഫിലിപ്പ് ലസാറിനി ആവശ്യപ്പെട്ടു. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകമാകെ നടന്ന മറ്റ് യുദ്ധങ്ങളിൽ 12,193 പേർക്കാണ് ജീവൻ നഷ്ടമായത്. ഒക്‌ടോബർ 7 മുതൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 31,184 പലസ്തീനികൾ കൊല്ലപ്പെടുകയും 72,889 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹമാസിൻ്റെ ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടത് 1,139 പേരാണ്. ഡസൻ കണക്കിന് ആളുകൾ ബന്ദികളായി തുടരുകയാണ്.
Be the first to comment