ഇസ്രയേലിലെ ഹമാസ് ആക്രമണങ്ങളിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്

ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ ലൈംഗിക പീഡനങ്ങളും ഉൾപ്പെടുന്നതായി ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ട്.  കൂട്ട ബലാത്സംഗം അടക്കമുള്ള ലൈംഗിക കുറ്റകൃത്യങ്ങൾ ഒക്ടോബർ ഏഴിന് നടന്നെന്ന് വിശ്വസിക്കാൻ, ന്യായമായ കാരണങ്ങളുണ്ടെന്നും യുഎൻ വ്യക്തമാക്കി.  ബന്ദികൾക്കുനേരെയും ലൈംഗികാതിക്രമമുണ്ടായതായും റിപ്പോർട്ട് പറയുന്നു.

യുഎൻ പ്രത്യേക നയതന്ത്ര പ്രതിനിധി പ്രമീള പാറ്റൻ്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച അന്വേഷണം നടത്തിയത്.  അന്വേഷണത്തിൻ്റെ  ഭാഗമായി ജനുവരി 29 മുതൽ ഫെബ്രുവരി 14 വരെ ദിവസങ്ങളിൽ സംഘം ഇസ്രയേലിൽ എത്തിയിരുന്നു.  കഴിഞ്ഞ ദിവസമാണ് കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പുറത്തുവിട്ടത്.  എന്നാൽ ആക്രമണത്തിനിടയിൽ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയെന്ന ആരോപണം നേരത്തെതന്നെ ഹമാസ് നിഷേധിച്ചിരുന്നു.

“ജനനേന്ദ്രിയ ഛേദനം, ലൈംഗിക പീഡനം, ക്രൂരവും മനുഷ്യത്വരഹിതവും നിന്ദ്യവുമായ പെരുമാറ്റം എന്നിവയുൾപ്പെടെ ചില ലൈംഗിക അതിക്രമങ്ങളെ സൂചിപ്പിക്കുന്ന വിശ്വസനീയമായ സാഹചര്യ വിവരങ്ങൾ ശേഖരിച്ചു.  ഗാസയിൽ ബന്ദികളാക്കപ്പെട്ട ചിലർ വിവിധ തരത്തിലുള്ള സംഘർഷങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ടെന്നും അത്തരം ആക്രമണങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നെന്നുമുള്ള വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ വിവരങ്ങൾ മിഷൻ ടീം കണ്ടെത്തിയിട്ടുണ്ട്,” 24 പേജുള്ള യുഎൻ റിപ്പോർട്ടില്‍ പറയുന്നു.

എന്നാൽ ജനനേന്ദ്രിയ ഛേദനത്തിൻ്റെ വ്യക്തമായ തെളിവ് കണ്ടെത്താൻ സംഘത്തിനായിട്ടില്ല.  ലൈംഗികാതിക്രമം നേരിട്ട ആരോടും നേരിട്ടു സംസാരിക്കാനായില്ലെന്നും പ്രമീള പാറ്റൻ പറഞ്ഞു.  അതിജീവിച്ചവരെ മുന്നോട്ടുകൊണ്ടുവരാൻ വിവിധ ശ്രമങ്ങൾ സംഘം നടത്തിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*