‘വൈദ്യുതി നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥ; ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റ്’; മന്ത്രി കൃഷ്ണൻകുട്ടി

വൈദ്യുതി നിരക്ക് വർധന ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി കെ കൃ‍ഷ്ണൻകുട്ടി. നിരക്ക് വർധനയില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തന്നെ വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. നിരക്ക് വർധിപ്പിച്ചാലും പകൽ സമയങ്ങളിൽ ഇളവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

കുറഞ്ഞ വിലക്ക് ലഭിക്കുന്ന വൈദ്യുതി അതെ നിരക്കിൽ ജനങ്ങൾക്ക് നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു. ജനങ്ങൾക്ക് ഇരുട്ടടിയെന്ന വാദം തെറ്റാണെന്നും കൂടുതൽ ഉപയോഗിക്കുന്നവർക്കേ നിരക്ക് വർധിക്കുവെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ഇടങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

നിരക്ക് വർധിപ്പിച്ചുള്ള ഉത്തരവ് ഇന്നിറങ്ങിയേക്കും. റെഗുലേറ്ററി കമ്മീഷൻ അംഗങ്ങൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ സന്ദർശിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. യൂണിറ്റിന് 10 പൈസ മുതൽ 20 പൈസ വരെ ഉയർത്തിയേക്കും. യൂണിറ്റിന് ശരാശരി 34 പൈസയെങ്കിലും കൂട്ടണമെന്നാണ് കെ.എസ്. ഇ. ബി ആവശ്യപ്പെട്ടിട്ടുള്ളത്. വേനൽക്കാലത്ത് അധിക താരിഫ് ഈടാക്കണമെന്ന പുതിയ നിർദ്ദേശവും കെ.എസ് ഇ.ബി മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ന് തന്നെ ഇത് സംബന്ധിച്ച റെഗുലേറ്ററി കമ്മീഷന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും. ജനുവരി ഒന്നു മുതൽ പുതിയ നിരക്ക് ഈടാക്കും. പ്രതിവർഷം രണ്ടായിരം കോടിയിലേറെ രൂപയുടെ നഷ്ടം നേരിടുന്നുവെന്നാണ് കെ.എസ്. ഇ. ബി വാദം.

Be the first to comment

Leave a Reply

Your email address will not be published.


*