ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് വിധി. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാൻ്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം സ്വദേശി ബിജു പി ചെറുമകന്‍, ബി എസ് പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍ എന്നിവരാണ് ചെറിയാനെതിരെ ഹർജി നല്‍കിയിരുന്നത്.

ഭരണഘടനയെ അപമാനിച്ച എംഎൽഎയെ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ സജി ചെറിയാനെ അയോഗ്യനാക്കാൻ നിയമ വ്യവസ്ഥയില്ലെന്നാണ് ഹൈക്കോടതി നിരീക്ഷണം. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഐഎം പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് സജി ചെറിയാന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുള്ളതെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*