അധോലോക നേതാവ് ലോറന്‍സ് ബിഷ്‍ണോയുടെ ജീവിതം ഇനി വെബ് സിരീസ്

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നിലെ മുഖ്യ കണ്ണിയും ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിലെ പുതിയ കേന്ദ്രബിന്ദുവുമായ ലോറന്‍സ് ബിഷ്‍ണോയുടെ ജീവിതം വെബ് സിരീസ് ആകുന്നു.

നിലവിൽ അഹമ്മദാബാദ് സബർമതി സെൻട്രൽ ജയിലിൽ തടവിൽ കഴിയുന്ന ഈ കുപ്രസിദ്ധ മാഫിയ നേതാവിന്റെ കഥ ‘ലോറൻസ് എ ഗ്യാങ്സ്റ്റർ സ്റ്റോറി’ എന്ന പേരിലായിരിക്കും എത്തുന്നത്. ജാനി ഫയർ ഫോക്സ് പ്രൊഡക്ഷൻ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു പോലീസ് കോണ്‍സ്റ്റബിളിന്‍റെ മകനില്‍ നിന്ന് അന്തര്‍ദേശീയ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റർ എന്ന നിലയിലേക്കുള്ള ലോറന്‍സ് ബിഷ്ണോയുടെ മാറ്റത്തെ വ്യക്തമാക്കുന്ന സിരീസ് ആണിത് . ലോറന്‍സ് ബിഷ്‌ണോയിയായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത് ആരാകും എന്ന കൗതുകത്തിലാണ് സിനിമാപ്രേമികള്‍. ദീപാവലിക്ക് ശേഷം സിരീസിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിടും.

ബിഷ്‌ണോയുടെ ജീവിതം അടിസ്ഥാനമാക്കിയ കഥ കുറച്ചുകൂടി നാടകീയ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷക ശ്രദ്ധ നേടാനാകുമെന്നാണ് പ്രൊഡക്ഷൻ ഹൗസ് മേധാവി അമിത് ജാനി പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ ചിത്രീകരിക്കുന്നതിൽ ലോകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ജാനി ഫയര്‍ ഫോക്സ്. ‘എ ടെയ്‌ലർ മര്‍ഡര്‍ സ്റ്റോറി’, ‘കറാച്ചി ടു നോയ്ഡ’ എന്നിവയാണ് ജാനി ഫയര്‍ ഫോക്സ് നേരത്തെ ഇറക്കിയ വെബ് സീരീസുകൾ. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരന്‍റെ കൊലപാതകത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ടെയ്ലര്‍ മര്‍ഡര്‍ സ്റ്റോറി. കാമുകന്‍ സച്ചിന്‍ മീണയ്ക്കൊപ്പം കഴിയാന്‍ അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന പാകിസ്ഥാൻ യുവതി സീമ ഹൈദറിന്‍റെ കഥ പറയുന്ന ചിത്രമാണ് കറാച്ചി ടു നോയ്ഡ.

Be the first to comment

Leave a Reply

Your email address will not be published.


*