കേരളത്തിൽ തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാൾ ഇരട്ടി; എംപ്ലോയ്‌മെന്റിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത് 28.4 ലക്ഷം പേർ

കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ ഇരട്ടിയിലധികമായി തുടരുന്നതായി റിപ്പോര്‍ട്ട്. ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

തൊഴിലില്ലായ്മ നിരക്കില്‍ മുന്‍ വര്‍ഷത്തേക്കാള്‍ നേരിയ കുറവ് രേഖപ്പെടുത്തുമ്പോഴും ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം കുടുതലാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച് ദേശീയ തലത്തിലെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമാണ്. സംസ്ഥാനത്ത് ഇത് 7.0 ശതമാനമാണെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു.

പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ അനുസരിച്ച് തൊഴില്‍ സേനയിലെ തൊഴില്‍ രഹിതരായ വ്യക്തികളുടെ ശതമാനമാണ് തൊഴിലില്ലായ്മ നിരക്കായി രേഖപ്പെടുത്തുന്നത്. ഈ കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2021-22 വര്‍ഷത്തില്‍ 4.2 ശതമാനമായിരുന്നത് 2022-23 വര്‍ഷത്തില്‍ 3.2 ശതമാനമായി കുറഞ്ഞു. ഇക്കാലയളവില്‍ കേരളത്തിലും ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം 10.1 ആയിരുന്ന നിരക്കാണ് സംസ്ഥാനത്ത് 7.0 എന്ന നിലയിലേക്ക് എത്തിയത്. തൊഴിലില്ലായ്മ നിരക്ക് പുരുഷന്മാര്‍കര്‍ക്കിടയില്‍ 4.8 ശതമാനവും സ്ത്രീകള്‍ക്കിടയില്‍ 10.7 ശതമാനവുമാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളിലെ കണക്കുകള്‍ പ്രകാരം തൊഴിലന്വേഷകരുടെ എണ്ണം കുറഞ്ഞതായും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. 2015 ഡിസംബര്‍ 31ന് സംസ്ഥാനത്ത് തൊഴിലന്വേഷകരുടെ എണ്ണം 34.9 ലക്ഷമായിരുന്നു. 2023 ജൂലൈയില്‍ ഇത് 28.6 ശതമാനമായിരുന്നു. ഏറ്റവും ഒടുവിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 28.4 ലക്ഷമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

2021ല്‍ 40.3 ലക്ഷം തൊഴിലന്വേഷകരുണ്ടായതില്‍ നിന്നും 2023 എത്തുമ്പോഴേക്കും കുറവാണുണ്ടായിരിക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ തൊഴിലന്വേഷകരില്‍ രജിസ്റ്റര്‍ ചെയ്തതില്‍ പകുതിയിലധികവും സ്ത്രീകളാണ്. ആകെയുള്ള തൊഴിലന്വേഷകരില്‍ 63.86 ശതമാനവും സ്ത്രീകളാണ്.

എസ്എസ്എല്‍സിക്ക് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ 6.5 ശതമാനം മാത്രമാണ് തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. അതേസമയം രജിസ്റ്റര്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പേരും എസ്എസ്എല്‍സി വിദ്യാഭ്യാസമുള്ളവരാണ്. 43.4 ശതമാനം പേരാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തൊഴില്‍പരമായി നോക്കുമ്പോള്‍ 2.5 ലക്ഷം പേരാണ് പ്രൊഫഷണല്‍, സാങ്കേതിക യോഗ്യതയുള്ള തൊഴിലിന് വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 63.7 ശതമാനവും ഐടിഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദധാരികളായ തൊഴിലന്വേഷകരാണ്. 45,932 എഞ്ചിനീയറിംഗ് ബിരുദധാരികളും, 8,308 മെഡിക്കല്‍ ബിരുദധാരികളും 1,81,757 എല്‍എല്‍ബിയടക്കമുള്ള മറ്റ് പ്രൊഫഷണല്‍ ബിരുദധാരികളും ഉള്‍പ്പെടുന്നതാണ് ഈ കണക്കുകള്‍.

തൊഴിലന്വേഷകരുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് തിരുവനന്തപുരം ജില്ലയാണ്. ആകെ 4.6 ലക്ഷം പേരാണ് തിരുവനന്തപുരത്ത് നിന്നും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് ലക്ഷം പേര്‍ സ്ത്രീകളും 1.6 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്ലം ജില്ലയില്‍ 3.3 ലക്ഷം പേരാണ് തൊഴിലന്വേഷകരായുള്ളത്. ഏറ്റവും കുറവ് തൊഴിലന്വേഷകരുള്ള ജില്ല കാസര്‍ഗോഡാണ്. 0.8 ലക്ഷം പേര്‍ മാത്രമേ അവിടെ നിന്നും തൊഴില്‍ അന്വേഷകരായി രജിസ്റ്റര്‍ ചെയ്തത്.

അതേസമയം, എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴിയുള്ള നിയമനത്തില്‍ ഗണ്യമായ വര്‍ധനവ് വന്നിട്ടുണ്ട്. 2021ല്‍ 10,705 ഉദ്യോഗാര്‍ത്ഥികളുണ്ടായിരുന്നതെങ്കില്‍ 2022ല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയുള്ള നിയമനം 14,432 ആയി ഉയരുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*