ഏകീകൃതകുര്‍ബാന; എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും, പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു

കൊച്ചി: ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക അടച്ചിടും. പള്ളിയുടെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ശുപാർശ നൽകും. തീരുമാനം വരും വരെ പള്ളി അടച്ചിടും. സംഘർഷ സാഹചര്യം കണക്കിലെടുത്താണ് പൊലീസിന്‍റെ  തീരുമാനം.

രാവിലെ  ഏകീകൃത കുർബാന അർപ്പിക്കാനെത്തിയ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിയ്ക്ക്  മുന്നിൽ തടഞ്ഞിരുന്നു. തർക്കത്തിനൊടുവിൽ കുർബാന ചൊല്ലാതെ ആൻഡ്രൂസ് താഴത്ത് മടങ്ങി.  അനുരഞ്ജനത്തിന് തയ്യാറാകാത്ത ഔദ്യോഗിക-വിമത പക്ഷങ്ങൾ പ്രതിഷേധവുമായി ബസിലിക്കയ്ക്ക് മുന്നിൽ നിലയുറപ്പിച്ച സാഹചര്യത്തിലാണ് പള്ളി അടച്ചിടാന്‍ പൊലീസ് തീരുമാനിച്ചത്.

രാവിലെ ആറ് മണിക്കാണ് ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിൻ്റെ ഏകീകൃത ക്രമത്തിലുള്ള കുർബാന സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ മണിക്കൂറുകൾ മുമ്പേ ഔദ്യോഗിക – വിമത പക്ഷങ്ങളിലെ വിശ്വാസികൾ ബസിലിക്കയ്ക്ക് മുന്നിൽ എത്തിയിരുന്നു. ഏകീകൃത കുർബ്ബാന ചൊല്ലാൻ ബിഷപ്പിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത് വിമതപക്ഷം ബസിലിക്ക അകത്ത് നിന്ന്  പൂട്ടി. ബിഷപ്പിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഒദ്യോഗിക പക്ഷം റോഡിൽ നിലയുറപ്പിച്ചു. പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

കുർബ്ബാന അർപ്പിക്കാനായി പുലർച്ചെ അഞ്ചേമുക്കാലിന് തന്നെ അപ്പസ്തോലിക് അഡ്മിമിനിസ്ട്രേറ്റർ കൂടിയായ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ബസിലിക്കയ്ക്ക് മുന്നിലെത്തി. ബിഷപ്പിനെ വിമതപക്ഷം തടഞ്ഞു. ഇതോടെ സംഘർഷമായി. തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നതായതോടെ ബിഷപ്പ് തൊട്ടപ്പുറത്തെ അതിരൂപത ആസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ചു. ഇവിടുത്തെ ഗെയ്റ്റും അടച്ചതോടെ കുർബാന ചെല്ലാതെ ബിഷപ്പ് മടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*