
തിരുവനന്തപുരം: കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ കേന്ദ്ര സഹായം കിട്ടുമെന്ന കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജോര്‍ജ് കുര്യന്റെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്നും ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.
ജോര്‍ജ് കുര്യന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം, ബജറ്റില്‍ കേരളമെന്ന വാക്ക് പോലുമില്ല. കേരളം ഉന്നയിച്ച ഒരു ആവശ്യവും പരിഗണിച്ചില്ല. ഇതൊരു രാഷ്ട്രീയ വിമര്‍ശനമായി ഉന്നയിക്കുമ്പോള്‍ കേരളീയരെയാകെ അപമാനിക്കുന്ന തരത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ബിജെപി സംസ്ഥാന നേതൃത്വത്തിനും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണം’ സതീശന്‍ പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങളില്‍ ബിജെപിക്കും സംഘ്പരിവാറിനും എന്ത് പങ്കാണുള്ളത്? സംസ്ഥാനത്തിന് ആവശ്യമായത് നേടിയെടുക്കാനുള്ള ആര്‍ജവമോ, ഇച്ഛാശക്തിയോ ജോര്‍ജ് കുര്യനോ സുരേഷ് ഗോപിക്കോ ഇല്ല. പ്രധാനമന്ത്രിയുടെ താളത്തിന് തുള്ളുന്ന കളിപ്പാവകളയി കേന്ദ്ര മന്ത്രിമാര്‍ അധപതിക്കരുത്. രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അതിരുവിട്ട ശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ബജറ്റിന്റെ വിശ്വാസ്യതയാണ് നഷ്ടമാകുന്നത്. കാലാകാലങ്ങളായി കേരളം നേടിയ നേട്ടങ്ങളെ ഇല്ലാതാക്കുകയാണ് സംഘ്പരിവാറിന്റെ ശ്രമം. അതിനുള്ള നീക്കങ്ങള്‍ ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. സംഘ്പരിവാര്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് ജോര്‍ജ് കുര്യന്റെ വാക്കുകളില്‍ കാണുന്നത്. ബിജെപി മന്ത്രിയാണെങ്കിലും ജോര്‍ജ് കുര്യന്‍ കേരളീയനാണെന്നത് മറക്കരുതെന്നും സതീശന്‍ പറഞ്ഞു.
കേന്ദ്ര ബജറ്റില്‍ വയനാടിനു സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. കേരളം പിന്നാക്കമാണെന്നു പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ സാമൂഹിക, വിദ്യഭ്യാസ, അടിസ്ഥാന സൗകര്യ കാര്യങ്ങളില്‍ കേരളം പിന്നാക്കമാണെന്നു പറയട്ടെ. അപ്പോള്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. റോഡില്ലാത്ത, വിദ്യാഭ്യാസമില്ലാത്ത സംസ്ഥാനങ്ങള്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്.’ ഇങ്ങനെ ആയിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം.
Be the first to comment