കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കോഴിക്കോടെത്തി; കണ്ണൂരിൽ വിവിധ ക്ഷേത്രങ്ങളും സന്ദർശിക്കും

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിയ്ക്ക് വന്‍ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍. രാത്രി കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും പൊലീസും മാധ്യമപ്രവര്‍ത്തകരും ആരാധകരും ഉള്‍പ്പെടുന്ന വലിയ ജനാവലിയാണ് വിമാനത്താവളത്തിന് പുറത്ത് സുരേഷ് ഗോപിയെ കാത്തുനിന്നത്. ആര്‍പ്പുവിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയെ വരവേറ്റത്. 

സുരേഷ് ഗോപി രാത്രി 10 മണിയോടെ വിമാനത്താവളത്തിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. 9 മണിയോടെ തന്നെ ബിജെപി പ്രവര്‍ത്തകര്‍ കാത്തുനില്‍പ്പ് തുടങ്ങി. എം ടി രമേശ് ഉള്‍പ്പെടെയുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിയെ വരവേല്‍ക്കാനായെത്തി. ഹാരമണിയിച്ചാണ് സുരേഷ് ഗോപിയെ സ്വീകരിച്ചത്.

ഇന്ന് രാവിലെ അദ്ദേഹം കോഴിക്കോട് തളി ശിവക്ഷേത്രം സന്ദര്‍ശിച്ചു.6.30 ഓടെയായിരുന്നു മന്ത്രി സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത്. അതിനുശേഷം അദ്ദേഹം മാരാര്‍ജി ഭവനിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. 

കണ്ണൂരിലേക്ക് തിരിക്കുന്ന അദ്ദേഹം ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ ദർശനം നടത്തും. പിന്നീട് കണ്ണൂര്‍ പയ്യാമ്പലത്തെ മാരാർ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാർച്ചന നടത്തും. തുടർന്ന് കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. ശേഷം കൊട്ടിയൂർ ക്ഷേത്രത്തിലും ദർശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.

 

Be the first to comment

Leave a Reply

Your email address will not be published.


*