കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി സുരേഷ് ഗോപി

തൃശ്ശൂർ: കെ കരുണാകരന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചന നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി. സുരേഷ് ​ഗോപിക്കൊപ്പം പത്മജ വേണു​ഗോപാലും ഉണ്ടായിരുന്നു. ഗുരുത്വം നിർവ്വഹിക്കാനാണ് എത്തിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ കോൺ​ഗ്രസിൻ്റെ പിതാവ് എന്ന നിലയിലാണ് കെ കരുണാകരനെ കാണുന്നത്. തന്റെ തലമുറയിലെ ധീരനായ ഒരു ഭരണകർത്താവ് എന്ന നിലയ്ക്ക് ആരാധന ആ വ്യക്തിയോടാണെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. ഇന്ദിരാ ഗാന്ധി ഭാരതത്തിന്റെ മാതാവ് എന്നതുപോലെ, കെ കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ്. ഈ സന്ദർശനത്തിൽ രാഷ്ട്രീയമാനം കാണരുതെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.

 ‘മാനസപുത്രൻ എന്ന വാക്കാണ് അദ്ദേഹം ഉപയോ​ഗിച്ചിരുന്നത്. രാജ്യം നൽകിയ പദവിയിൽ ഇരുന്നുകൊണ്ട് ​ഗുരുത്വം നിർവ്വഹിക്കാനാണ് ഇവിടെ എത്തിയത്. വ്യക്തി നിർവ്വഹണം ഹൃദയത്തിൽ നിന്ന് വരുന്നതാണ്. അതിന് ഒരിക്കലും രാഷ്ട്രീയമാനം കാണേണ്ടതില്ല’, സുരേഷ് ​ഗോപി പറഞ്ഞു. ശാരദ ടീച്ചർ തനിക്ക് അമ്മയാണെങ്കിൽ അതിന് മുന്നേ തൻ്റെ അമ്മയാണ് കല്ല്യാണിക്കുട്ടിയമ്മ. ആ സ്നേഹം നിർവ്വഹിക്കട്ടേയെന്നും സുരേഷ് ​ഗോപി പറഞ്ഞു. ഇത് വൈകുന്നേരം ചർച്ചയ്ക്ക് വിഷയമായി എടുത്ത് കച്ചവടമാക്കണമെങ്കിൽ എടുത്തോളൂവെന്നും തന്നെ അതിന്റെ മെറ്റീരിയൽ ആക്കരുതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോ‌ട് പറ‍ഞ്ഞു.

2019ൽ സ്ഥാനാ‍ർത്ഥിയായി വരുന്ന സമയത്ത് പത്മജയോട് സ്മൃതി മണ്ഡപത്തിൽ വരണമെന്ന് ആവശ്യം ഉന്നയിച്ചതായി സുരേഷ് ഗോപി പറഞ്ഞു. ‘എന്നാൽ വ്യക്തമായ രാഷ്ട്രീയബോധവും ഉത്തരവാദിത്തബോധവും ഉണ്ടായത് കൊണ്ട് അന്ന് അവർ ആ ആവശ്യം നിഷേധിച്ചു. പാടില്ല സുരേഷ്, തെറ്റല്ലെ എൻ്റെ പാർട്ടിക്കാരോട് ഞാൻ എന്ത് പറയും അങ്ങിനെ ഒരു ഉത്തരവാദിത്തം കൂടിയുണ്ടെന്നാണ് അവർ പറഞ്ഞത്. ഞാൻ മാനിച്ചു. ഇത്രയും കാലം മാനിച്ചു. എൻ്റെ രാഷ്ട്രീയമല്ലാത്ത പശ്ചാത്തലത്തിൽ ​ഗുരുത്വം കൈമോശം വരാൻ പാടില്ല. അത് ദൈവനിന്ദയാകുമെന്ന് വിചാരിച്ചത് കൊണ്ട് ആ കപാസിറ്റിയിലാണ് എത്തിയിരിക്കുന്നത്.’ പത്മജയ്ക്കോ മുരളിയ്ക്കോ ഇത് തടയാൻ കഴിയില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*