
കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ സജീവം. മുന്നണി മാറ്റത്തിന് മുമ്പ് കേരള കോണ്‍ഗ്രസ് എം മത്സരിച്ച സീറ്റ് ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ജോസഫ് വിഭാഗം. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് ഉള്‍പ്പെടെ ഏഴ് പേരാണ് രംഗത്തുള്ളത്.
പി ജെ ജോസഫ്, മകന്‍ അപു ജോസഫ്, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, എംപി ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് മത്സര രംഗത്തുള്ളത്. തൊടുപുഴ നിയമസഭാ സീറ്റ് വിട്ട് കോട്ടയം ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കാന്‍ പി ജെ ജോസഫിന് അതീവ താല്‍പര്യമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റ് മകന്‍ അപു ജോണ്‍ ജോസഫിന് നല്‍കിയേക്കും.
പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനായ പി സി തോമസും സീററിനായി രംഗത്തുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും സജി മഞ്ഞക്കടമ്പൻ മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചുകഴിഞ്ഞു. തര്‍ക്കമുണ്ടായാല്‍ കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫിനെ കോട്ടയത്ത് സമവായ സ്ഥാനാര്‍ത്ഥി ആക്കാനും നീക്കമുണ്ട്. അന്തിമ തീരുമാനം പി ജെ ജോസഫിന്റേതായിരിക്കും.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ തുടക്കമായി പാര്‍ട്ടിയുടെ ജില്ലാ ക്യാമ്പ് ഒക്ടോബര്‍ അവസാനവാരം നടത്തും. അതേസമയം കോട്ടയത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള ആലോചനകള്‍ കോണ്‍ഗ്രസ് പാളയത്തിലുമുണ്ട്. സീറ്റില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകനും ഉമ്മന്‍ചാണ്ടിയുടെ മകളും സാധ്യതാ പട്ടികയിലുണ്ട്.
Be the first to comment