ഈടില്ലാതെ വായ്പ; ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ

ഈടില്ലാതെ നൽകുന്ന (Unsecured) വായ്പകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബാങ്കുകളോട് ആർബിഐ. അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്ക് തകർച്ചയുടെ പശ്ചാത്തലത്തിലാണ് നിർദേശം. വ്യക്തിഗത ലോൺ, ക്രെഡിറ്റ് കാർഡ്, ചെറുകിട വ്യവസായ ലോൺ, മൈക്രോ ഫിനാൻസ് ലോൺ എന്നിവ സുരക്ഷിതമല്ലാത്ത വായ്പകളുടെ വിഭാഗത്തിൽ വരുന്നവയാണ്.

ഫെബ്രുവരി 2022 മുതൽ ഈ വർഷം ഫെബ്രുവരി വരെ ബാങ്കുകൾ 2.2 ലക്ഷം കോടി രൂപയുടെ സുരക്ഷിതമല്ലാത്ത വായ്പകളാണ് നൽകിയിട്ടുള്ളത്. വൻകിട കോർപറേറ്റുകൾക്ക് നൽകിയ വായ്‌പയേക്കാൾ കൂടുതലാണിത്. ഈ കണക്കുകൾ ആർബിഐയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമല്ല.

തിരിച്ചടവ് ഉണ്ടാകാതിരിക്കുകയും വായ്പകൾ നൽകുന്നത് അധികമാകുകയും ചെയ്‌താൽ ബാങ്കുകളുടെ മൂലധന ആസ്തിക്ക് കോട്ടം തട്ടിയേക്കും. കോവിഡ് മഹാമാരിക്ക് ശേഷം ബാങ്കുകൾ സുരക്ഷിതമല്ലാത്ത വായ്പകൾ നൽകുന്നത് വർധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 2023-24 സാമ്പത്തിക വർഷം ബാങ്കുകൾ ഇത്തരം വായ്പയിൽ സൂക്ഷ്മത പുലർത്തണമെന്ന് ആർ ബി ഐ ആവശ്യപ്പെടുന്നത്.

വ്യക്തിഗത ലോണുകൾ അനുവദിക്കുന്നതിന് അര മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന രീതി ബാങ്കുകൾ അവലംബിക്കുന്നത് വർധിക്കുകയാണ്. അത്രയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോൾ രേഖകൾ കൃത്യമായി പരിശോധിക്കപ്പെടുന്നുണ്ടോ എന്നതിലും ആർബിഐ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ബാങ്കുകൾക്ക്, പ്രത്യേകിച്ച് സ്വകാര്യ ബാങ്കുകൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സുരക്ഷിതമല്ലാത്ത വായ്പകൾ നൽകുന്നത് അധികമാകുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*