സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത

Filed pic

റിയാദ്: സൗദി അറേബ്യയുടെ മിക്ക മേഖലകളിലും ബുധനാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്കും മഴയ്ക്കും സാധ്യത. റിയാദ്, ജിദ്ദ ഉള്‍പ്പെടെ പല നഗരങ്ങളിലും തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ  നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ശക്തമായ മഴയും കാറ്റും ഇിടമിന്നലും പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍  രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ക്ലാസുകള്‍ ഉണ്ടാകില്ലെങ്കിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയായിരിക്കും പഠനം.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ തബൂക്കില്‍ അസ്ഥിരമായ കാലാവസ്ഥയായിരുന്നു. തിങ്കളാഴ്​ച പുലർച്ചെയും ഉച്ചക്ക്​ ശേഷവും മക്ക​ ഹറമിലും പരിസരങ്ങളിലും മിതമായ തോതിൽ മഴയുണ്ടായി​.ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.  നജ്റാന്‍, ജിസാന്‍, അസീര്‍, അല്‍ബാഹ മേഖലകളില്‍ ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഹായില്‍, അല്‍ദൗഫ്, വടക്കന്‍ അതിര്‍ത്തി മേഖലകള്‍, തബൂക്ക്, വടക്കന്‍ മദീന എന്നിവിടങ്ങളില്‍ താപനില കുറയും. ശക്തമായ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ചെങ്കടലിലെ തെക്കുപടിഞ്ഞാറന്‍ ഉപരിതല കാറ്റ് വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് മണിക്കൂറില്‍ 25-50 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്, മധ്യ ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും ഇടിമിന്നലിനൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*