സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേയുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാ്ന്ധിയേയും സംഘത്തേയും യുപി പോലീസ് തടഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പുറത്തുനിന്നുള്ള സംഘത്തെ അനുവദിക്കില്ലെന്ന് യുപി പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ വകവെയ്ക്കാതെ സന്ദര്‍ശനം നടത്താനായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. രാവിലെ പത്തരയോടെ രാഹുല്‍ ഗാസിപൂരില്‍ എത്തിയപ്പോള്‍ തന്നെ പോലീസ് വാഹനവ്യൂഹം തടഞ്ഞു. പിന്നീട് പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായി. നാല് നിരകളിലായി ബാരിക്കേഡുകള്‍ വെച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നിയന്ത്രണം കടുപ്പിക്കാന്‍ ജില്ലാ മജിസ്ട്രേറ്റ് അടക്കമുള്ളവര്‍ പൊലീസ് സേനയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉത്തര്‍ പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയും കെ സി വേണുഗോപാലും അടക്കം നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിച്ചെങ്കിലും സംഭാലിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
ഞങ്ങള്‍ സംഭാലിലേക്ക് പോകാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, പോലീസ് വിസമ്മതിക്കുന്നു, അവര്‍ ഞങ്ങളെ തടയുകായണ്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ അവിടേക്ക് പോകുന്നത് എന്റെ അവകാശമാണ്. പക്ഷേ അവര്‍ എന്നെ തടയുകയാണ്. ഞാന്‍ പോലീസിനൊപ്പം ഒറ്റയ്ക്ക് പോകാനും തയ്യാറാണ്, പക്ഷേ അവര്‍ അത് അംഗീകരിച്ചില്ല. എന്റെ ഭരണഘടനാപരമായ അവകാശം ലംഘിച്ചിരിക്കുകയാണ്. അംബേദ്കറുടെ ഭരണഘടന ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പോരാടുമെന്ന് ഗാസിപുരില്‍ രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാണ്, അദ്ദേഹത്തിന് ഭരണഘടനാപരമായ അവകാശങ്ങളുണ്ട്, അദ്ദേഹത്തെ ഇങ്ങനെ തടയാന്‍ കഴിയില്ലെന്നും സംഭാല്‍ എന്ത് സംഭവിച്ചാലും അതു തെറ്റാണെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു.
പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് രാഹുല്‍ അറിയിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് സംഭാല്‍ സന്ദര്‍ശിക്കാന്‍ എത്തിയ നേതാക്കളെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. ഈ മാസം പത്ത് വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.
സംഭാല്‍ ഷാഹി ജുമാ മസ്ജിദില്‍ സിവില്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോള്‍ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. കഴിഞ്ഞ മാസം 24-ന് ഉണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി നിര്‍മിച്ചതെന്ന ആരോപണവുമായി ഹിന്ദു സേനയാണ് സിവില്‍ കോടതിയെ സമീപിച്ചത്. ഹരിഹര്‍ മന്ദിര്‍ എന്നറിയപ്പെടുന്ന ക്ഷേത്രം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബര്‍ തകര്‍ക്കുകയും അവിടെ മസ്ജിദ് പണിയുകയായിരുന്നു എന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി പരിഗണിച്ച സിവില്‍ കോടതി കമ്മീഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Be the first to comment