പൊതുപരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്ക് 10 വർഷം വരെ തടവും ഒരു കോടി പിഴയും; ബില്‍ പാസാക്കി ലോക്‌സഭ

മത്സര പരീക്ഷകളിൽ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ നിയമനടപടി ഉറപ്പുവരുത്തുന്നത്തിനുള്ള പബ്ലിക് എക്സാമിനേഷന്‍സ് (പ്രിവൻഷൻ ഓഫ് അണ്‍ഫെയർ മീൻസ്) ബിൽ 2024 ലോക്സഭ പാസാക്കി. പൊതു പരീക്ഷകളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നർക്കും ക്രമക്കേട് നടത്തുന്നവർക്കും കൂടിയത് 10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയുമാണ് പബ്ലിക് എക്സാമിനേഷന്‍സ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചത്. ‘പരീക്ഷയ്ക്ക് തയ്യാറെടുത്ത് വരുന്ന യോഗ്യരായ യുവാക്കളാണ് ഇത്തരം ക്രമക്കേടുകൾ നടക്കുമ്പോൾ അനീതി നേരിടുന്നത്,” ജിതേന്ദ്ര സിങ് പറഞ്ഞു.

ചോദ്യപേപ്പർ ചോർത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് വർഷം വരെയാണ് തടവ് ശിക്ഷ ലഭിക്കുക. പൊതുപരീക്ഷകളിൽ സംഘടിതമായി കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് അഞ്ച് മുതൽ പത്ത് വർഷം വരെയാണ് തടവ്. പൊതുപരീക്ഷകളിലെ ഇത്തരം ക്രമക്കേടുകൾ രാഷ്ട്രീയത്തിന് അതീതമാണെന്നും വ്യവസ്ഥിതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് മാത്രമുള്ളതാണ് ഈ നിയമമെന്നും പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ചോദ്യപേപ്പർ ചോർച്ചയുടെ നിരവധി കേസുകൾ ഉദ്ധരിച്ച് കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര – സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ, റെയിൽവേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, എന്‍ ടി എ, മെഡിക്കൽ – എഞ്ചിനീയറിങ് പ്രവേശന പരീക്ഷകൾ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തെ വിവിധ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുകയാണ് കരട് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർ പദവിയില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരാകണം ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കേണ്ടതെന്നും ബില്ലിൽ പരാമർശിക്കുന്നു. അന്വേഷണം ഏതെങ്കിലും ഘട്ടത്തിൽ കേന്ദ്ര ഏജൻസിക്ക് കൈമാറാനുള്ള അധികാരവും കേന്ദ്രസർക്കാരിന് ഉണ്ടായിരിക്കും.

ബുധനാഴ്ച ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ലോക്‌സഭ പാസാക്കിയ ബില്‍, ഇനി രാജ്യസഭയില്‍ കൂടി പാസായ ശേഷം രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ നിയമമായി മാറും.

Be the first to comment

Leave a Reply

Your email address will not be published.


*